ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടലിന്റെ രണ്ടാം ഘട്ടം മേയ് മൂന്നിന് അവസാനിക്കും. ലോക്ക്‌ഡൗണ്‍ അവസാനിച്ചാൽ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. കോവിഡ് വ്യാപനം ഇല്ലാത്ത രാജ്യത്തെ ജില്ലകളിൽ ഇളവുകൾ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മേയ് നാല് മുതൽ ഇളവുകൾ എങ്ങനെയെല്ലാം എന്നതിനെ കുറിച്ച് പുതിയ മാർഗരേഖ പുറത്തിറക്കുമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് മുക്ത ജില്ലകളിൽ ആയിരിക്കും നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുക. റെഡ് സോണുകളിൽ പതിവ് നിയന്ത്രണം തുടരാനാണ് സാധ്യത.
Read Also: പ്രവാസികളുടെ തിരിച്ചുവരവ്: എംബസികൾ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
നിലവിൽ രാജ്യത്തെ റെഡ് സോൺ ജില്ലകളുടെ എണ്ണം 129 ആയി ചുരുങ്ങിയിട്ടുണ്ട്. ഏപ്രിൽ 15 നു ആദ്യ ഘട്ട അടച്ചുപൂട്ടൽ അവസാനിക്കുന്ന ദിവസം ഇത് 177 ആയിരുന്നു. തീവ്രമേഖലകളുടെ എണ്ണം കുറഞ്ഞത് കേന്ദ്ര സർക്കാരിന് ആശ്വാസം നൽകുന്നു. എന്നാൽ, ഒറ്റയടിക്ക് എല്ലാ ഇളവുകളും നൽകാൻ കേന്ദ്രം തയ്യാറല്ല. രോഗവ്യാപനം മനസിലാക്കി മേഖലകൾ തിരിച്ചായിരിക്കും ഇളവുകൾ പ്രഖ്യാപിക്കുക.
മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഥിതി സങ്കീർണമായി തുടരുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രോഗവ്യാപനതോത് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, സമ്പൂർണ അടച്ചുപൂട്ടൽ നീട്ടണമെന്ന് ആവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു.
Read Also: സെപ്റ്റംബറിൽ പുതിയ ബാച്ച്; ആഴ്ചയിൽ ആറു ദിവസം ക്ലാസ്സ്: കോളജ് തുറക്കുന്നതിനുള്ള യുജിസി ശുപാർശകൾ
മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഡൽഹിയടക്കമുള്ള ആറ് സംസ്ഥാനങ്ങൾ രംഗത്തെത്തിയത്. മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയാണ് ആദ്യം രംഗത്തെത്തിയത്. അതിനുപിന്നാലെ മഹാരാഷ്‌ട്ര, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥനങ്ങളും സമാന ആവശ്യം ഉന്നയിച്ചു. നിയന്ത്രണങ്ങളിൽ ഒറ്റയടിക്ക് ഇളവുകൾ പ്രഖ്യാപിക്കരുതെന്നാണ് കേരളവും ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആറ് ജില്ലകൾ റെഡ് സോണിലാണ്.