Covid-19:ന്യൂഡൽഹി: കോവിഡ്-19 നോട് ഇന്ത്യ ധീരമായി പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിലുള്ളവരെയോർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 20 ദിവസത്തെ തുടർച്ചയായ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന ആരോഗ്യ പ്രവർത്തയെ വീട്ടുകാരും അയൽവാസികളും സ്വീകരിക്കുന്ന വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
Moments like this fill the heart with happiness.
This is the spirit of India.
We will courageously fight COVID-19.
We will remain eternally proud of those working on the frontline. https://t.co/5amb5nkikS
— Narendra Modi (@narendramodi) April 30, 2020
കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രതിസന്ധികൾ തുടരുകയാണ്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33,610 ആയി. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,074 ലേക്ക് എത്തി. കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ മേയ് മൂന്നിന് അവസാനിക്കും. ലോക്ക്ഡൗണ്‍ അവസാനിച്ചാൽ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും.
അതേസമയം, കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്ക് വീതമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമെത്തിയതാണ്. 14 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്ന് രോഗബാധയുണ്ടാകുന്നതായി മുഖ്യമന്ത്രി. ഇതിന് പലകാരണങ്ങളുണ്ടെന്നും അതിലൊന്ന് ചരക്ക് വണ്ടികൾ വന്നപ്പോഴാണ് ചില കേസുകളെന്ന് കണ്ടെത്താൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. അത്തരം കേസുകളെ ക്വറന്റൈൻ ചെയ്യുന്നതുൾപ്പടെയുള്ള നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി.
കോവിഡ് ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 2,27,638 ആയി. ആകെ രോഗബാധിതരുടെ എണ്ണം 31,93,886 ലേക്കെത്തി. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരമാണിത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. അമേരിക്കയിൽ 10,39,909 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 59,000 ആയി.
Live Blog
Covid-19 Live Updates:
ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ
കണ്ണൂർ – 47 രോഗികൾ
കോട്ടയം – 18 രോഗികൾ
കൊല്ലം – 15 രോഗികൾ
ഇടുക്കി – 14 രോഗികൾ
കാസർഗോഡ് – 13 രോഗികൾ
പാലക്കാട് – 6 രോഗികൾ
കോഴിക്കോട് – 5 രോഗികൾ
തിരുവനന്തപുരം – 2 രോഗികൾ
പത്തനംതിട്ട – 2 രോഗികൾ
എറണാകുളം – 1 രോഗി
മലപ്പുറം – 1 രോഗി
ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ ആരും തന്നെ നിലവിൽ ചികിത്സയിലില്ല.
കോവിഡ്-19 നോട് ഇന്ത്യ ധീരമായി പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിലുള്ളവരെയോർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 20 ദിവസത്തെ തുടർച്ചയായ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന ആരോഗ്യ പ്രവർത്തയെ വീട്ടുകാരും അയൽവാസികളും സ്വീകരിക്കുന്ന വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിലകപ്പെട്ട 60,000ഓളം വിദേശ രാജ്യക്കാരെ തിരികെ നാട്ടിലെത്തിച്ചതായി വിദേശ കാര്യ മന്ത്രാലയം. 72 രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയാണ് തിരികെ നാട്ടിലേക്കയച്ചതെന്ന് മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കൊറോണവൈറസിന്റെ വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ട് 37 ദിവസമാകുന്നു. വ്യാഴാഴ്ച്ചവരെ 33,000 പേരെ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരത്തിലധികം പേര് മരിക്കുകയും ചെയ്തു. കോവിഡ്-19 മഹാമാരി എല്ലാ ജീവിതമേഖലയേയും ബാധിച്ചു. എന്നാല്‍ അപ്രതീക്ഷിതമായ ഫലങ്ങളും ഉണ്ടായിരിക്കുന്നു. രാജ്യവ്യാപകമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലെ അടിയന്തര ചികിത്സാ വിഭാഗങ്ങളും പറയുന്നത് അനുസരിച്ച് കുറ്റകൃത്യങ്ങള്‍ കുറയുകയും അപകടങ്ങള്‍ മൂലമുള്ള മരണങ്ങള് കുറയുകയും ചെയ്തു.
കേരളത്തിൽ അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽ നിന്ന് രോഗബാധയുണ്ടാകുന്നതായി മുഖ്യമന്ത്രി. ഇതിന് പലകാരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്ന് ചരക്ക് വണ്ടികളിൽ വന്നപ്പോഴാണ് ചില കേസുകളെന്ന് കണ്ടെത്താൻ സാധിച്ചത്. അത്തരം കേസുകളെ ക്വറന്റൈൻ ചെയ്യുന്നതുൾപ്പടെയുള്ള നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി.
കേരളത്തിൽ 360000 അതിഥി തൊഴിലാളികളുണ്ടെന്നും ഇവർ 20826 ക്യാമ്പുകളിലായാണ് കഴിയുന്നതെന്നും മുഖ്യമന്ത്രി. അവരിൽ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് മടങ്ങി പോകാൻ ആഗ്രഹിക്കുന്നു. ബംഗാൾ, ആസാം, ഒഡിഷ, ബിഹാർ, യുപി എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും. ഇവരെ കൊണ്ടുപോകാൻ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് നേരത്തെ അഭ്യർത്ഥിച്ചതാണെന്ന് മുഖ്യമന്ത്രി.
അതിഥി തൊഴിലാളികളെ തിരിച്ചയ്ക്കുന്നതിനുള്ള കേന്ദ്ര നിർദേശം ലഭിച്ചതായി മുഖ്യമന്ത്രി. എന്നാൽ ബസ് മാർഗം തിരിച്ചയക്കാനുള്ള കേന്ദ്ര നിർദേശം കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി. അതിനാൽ നോൺസ്റ്റോപ്പ് സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ടു.
ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ ഒരു റോഡ് ഒഴികെ ബാക്കിയെല്ലാം അടയ്ക്കുമെന്ന് മുഖ്യമന്ത്രി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെയും അവരുടെ അയൽവാസികളെയും നേരിട്ടും ഫോണിലൂടെയും ക്ഷേമാന്വേഷണം നടത്തുന്നുണ്ട്. ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം മാത്രം 349504 വീടുകളിൽ പൊലീസ് വിവരാന്വേഷണം നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണം കർശനമാക്കിയതായി മുഖ്യമന്ത്രി. ദുരന്തനിവാരണ അതോറിറ്റിയമായി ചർച്ചചെയ്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം.
കാസർഗോഡ് ജില്ലയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കലക്ടർ സജിത് ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്രെ എന്നിവർ ക്വറന്റൈനിൽ പ്രവേശിച്ചതായി മുഖ്യമന്ത്രി. ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ച മാധ്യമപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതിനാലാണ് നടപടി.
പൊതുസ്ഥലങ്ങളിലും ജോലിയിടങ്ങളിലും ഇന്ന് മുതൽ സംസ്ഥാനത്ത് മാസ്ക് ഉപയോഗം നിർബന്ധമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാസ്ക് ധരിക്കാത്തതിന് ഏപ്രിൽ 30 നാല് മണി വരെ 954 കേസുകൾ രജിസ്റ്റർ ചെയ്തു.
ലോക്ക്ഡൗണിന് മുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ ക്വറന്റൈൻ കാലം അവസാനിച്ചതായി മുഖ്യമന്ത്രി. എന്നാൽ ആവശ്യമെങ്കിൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും മുഖ്യമന്ത്രി.
കണ്ണൂർ ജില്ലയിൽ സ്പെഷ്യൽ ട്രാക്കിങ് ടീം പ്രവർത്തിക്കുന്നു. ഓരോ 20 വീടുകളുടെയും ചുമതല രണ്ട് പൊലീസുകാരടങ്ങുന്ന ടീമിനാണ്. ശാസ്ത്രീയ വിവരശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്പർക്കം കണ്ടെത്തുന്നു.
കേരളത്തിലെ അതിഥി തൊഴിലാളി അവരുടെ സംസ്ഥാനങ്ങളിലേക്ക് ബസ് മാർഗം തിരിച്ചയക്കുന്നത് അപ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരെ തിരിച്ചെത്തിക്കാൻ സ്പെഷ്യൽ നോൺ സ്റ്റോപ് ട്രെയിൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. 3.6 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. ബംഗാൾ, ആസാം, ഒഡിഷ, യുപി, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ കൂടുതലും. ഇത്രയും ദൂരം ബസ് യാത്ര അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് നാല് പ്രദേശങ്ങളെ കൂടെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവിൽവട്ടം പഞ്ചായത്തുകൾ, കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തുകളെയുമാണ് പുതിയതായി ഹോട്ട്സ്പോട്ടുകളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ 70 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളത് കണ്ണൂർ ജില്ലയിൽ
ജില്ല തിരിച്ചുള്ള ചികിത്സയിലുള്ളവരുടെ എണ്ണം
കണ്ണൂർ – 47
കോട്ടയം – 18
ഇടുക്കി – 14
കൊല്ലം – 12
കാസർഗോഡ് – 09
കോഴിക്കോട് – 04
മലപ്പുറം – 02
തിരുവനന്തപുരം – 02
പത്തനംതിട്ട – 01
എറണാകുളം – 01
പാലക്കാട് – 01
ഇതുവരെ 25973 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ 25135ഉം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ, അന്യസംസ്ഥാന തൊഴിലാളികൾ, എന്നിങ്ങനെ മുൻഗണന വിഭാഗത്തിൽപ്പെട്ട 1508 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചതിൽ 897ഉം നെഗറ്റീവാണെന്നാണ് പരിശോധന ഫലം.
കേരളത്തിൽ ഇതുവരെ 497 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 111 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. നിലവിൽ 20711 പേർ കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിലുണ്ട്. ഇതിൽ തന്നെ 20285 പേർ വീടുകളിലും 426 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 95 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോരുത്തർക്ക് വീതമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമെത്തിയതാണ്. 14 പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കർണാടയിൽ, കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ നാളെ മുതൽ വിട്ടുനൽകും. നാലുചക്ര വാഹനങ്ങൾക്ക് 1000 രൂപയും, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് 500 രൂപയും പിഴ ഈടാക്കിയാകും വാഹനങ്ങൾ വിട്ടു നൽകുക. കർണാടകത്തിൽ തുടർച്ചയായ നാലാം ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നത് ആശ്വാസകരമാണ്, ഇന്നലെ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേർക്ക് നെഗറ്റീവായി. കലബുറഗിയിൽ കേസുകൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നു.
ഒമാനില്‍ 60 ആരോഗ്യ പ്രവര്‍ത്തര്‍ക്ക് കൊവിഡ് 19 ബാധിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രി ഡോകട്ര് അഹമ്മദ് മുഹമ്മദ് അല്‍ സൈദി. 40,000 പേരില്‍ ഇതിനകം കൊവിഡ് -19 പരിശോധന നടത്തിയതായും മന്ത്രി പറഞ്ഞു .രാജ്യത്തെ വിവിധ ആശുപത്രികളിലായി കൊവിഡ് വൈറസ് ബാധിതരായ 65 പേര് ചികിത്സയിലുണ്ടെന്നും ഇതില്‍ 17 പേര് തീവ്ര പരിചരണ വിഭാഗത്തിലാണെന്നും മന്ത്രി പറഞ്ഞു
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി. ലോക്ക്ഡൗണിനെ തുടര്‍ന്ന് അര്‍ഹരായ പലര്‍ക്കും സമയത്തിനുള്ളില്‍ അപേക്ഷിക്കാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരൂമാനം.നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റായ http://www.norkaroots.org വഴി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
ശ്ചിമബംഗാളിലെ രോഗികളുടെ എണ്ണം മാത്രം നോക്കിയാല്‍ ഒരുപക്ഷേ സംസ്ഥാനത്ത് അതിവേഗം കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നുവെന്ന് പറയാനാകില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത് 696 കേസുകള്‍ മാത്രമാണ്. പക്ഷേ, രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന നിരക്കും ഒരു രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നതിന്റെ നിരക്കും (റീപ്രൊഡക്ഷന്‍ റേറ്റ്) മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതലാണ്.
ഐസ്ക്രീമും മറ്റ് തണുപ്പുള്ള പദാർത്ഥങ്ങളും കഴിക്കുന്നതിലൂടെ കൊറോണ വെെറസ് അതിവേഗം ബാധിക്കുമോ? ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ഇത്തരം സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഐസ്ക്രീമും തണുപ്പുള്ള പദാർത്ഥങ്ങളും കഴിച്ചാൽ രോഗം അതിവേഗം ബാധിക്കുമെന്ന തരത്തിലും സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, അത്തരം പ്രചാരണങ്ങളെയെല്ലാം ലോകാരോഗ്യസംഘടന തള്ളി. ഐസ്ക്രീമും മറ്റ് തണുപ്പുള്ള പദാർത്ഥങ്ങളും കൊറോണ വെെറസ് പടരാൻ കാരണമാകുമെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ശാസ്ത്രീയമായി യാതൊരു തെളിവും ഇല്ലാത്ത കാര്യമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.
Claim: There is some information going rounds that eating ice creams and other chilled products can lead to spreading of #COVID19 infection. Reality: No. @WHO has already clarified that there is no scientific evidence to support this claim.#IndiaFightsCorona pic.twitter.com/m3n9G9Pb97
കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിൽ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വഴിയോരക്കച്ചവടവും ലൈസൻസില്ലാത്ത കച്ചവടവും നിരോധിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു..
കോവിഡ്-19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സിനും ഗവര്‍ണര്‍ അംഗീകാരം നല്കി. ജീവനക്കാരുടെ സാലറി കട്ട് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. Read More
നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ കൊവിഡ് ഹെൽപ്പ് ലൈൻ ആരംഭിച്ചു (ഫോൺ നമ്പർ – 0471 -2222227 )
കോവിഡ് ബാധിതർ ചികിത്സ തേടിയതിനെ തുടർന്ന് തിരുവനന്തപുരത്ത് നൂറോളം ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍. പാറശാല താലൂക്ക് ആശുപത്രി കൂടാതെ നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെയും ജീവനക്കാരാണ് നിരീക്ഷണത്തിലായത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാംനാഥ് കോവിന്ദ് എന്നിവരുടേതുൾപ്പെടെ ഇന്ത്യയുമായി ബന്ധപ്പെട്ട ട്വിറ്റർ ഹാൻഡിലുകളെ അമേരിക്കൻ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസ് അൺഫോളോ ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെ വൈറ്റ് ഹൗസിന്റെ വിശദീകരണവും എത്തി. “ഒരു നിശ്ചിത കാലത്തേക്ക് മാത്രമാണ് മറ്റ് രാജ്യങ്ങളിലെ നേതാക്കന്മാരെ വൈറ്റ് ഹൗസ് പിന്തുടരുകയുള്ളൂവെന്നാണ് അമേരിക്കന്‍ ഭരണസിരാകേന്ദ്രത്തിന്റെ വിശദീകരണം. അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന സമയത്ത് അതിന് വേദിയൊരുക്കുന്ന രാജ്യങ്ങളിലെ നേതാക്കന്മാരുടെ ട്വീറ്റുകളും സന്ദേശങ്ങളും പങ്കുവയ്ക്കാനാണ് വൈറ്റ് ഹൗസ് അവരെ ഫോളോ ചെയ്യുന്നത്.” വിശദമായി വായിക്കാം
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും ലോക്ക്ഡൗണിന് ശേഷം അത് കൂടുതൽ സങ്കീർണമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “ജനങ്ങളിൽ പരസ്പരം ആശ്രയിക്കാനുള്ള മനോഭാവം വളരെ കുറഞ്ഞിട്ടുണ്ട്. ഇവിടുത്തെ സംവിധാനത്തിൽ വലിയൊരു വിഭാഗം ആളുകൾക്കും വിശ്വാസക്കുറവുണ്ട്. ഇതെല്ലാമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. നമുക്കിവിടെ വലിയ തോതിൽ തൊഴിലില്ലായ്മയുണ്ട്. അത് ഇനിയും കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ” രാഹുൽ പറഞ്ഞു.
ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം. ചട്ടിപ്പറമ്പിലാണ് നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി നൂറോണം അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. അനധികൃതമായി സംഘം ചേര്‍ന്നതിന് നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തു. താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടില്ലെന്നും എന്നാൽ തങ്ങൾക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുക്കണമെന്നും അതിഥി തൊഴിലാളികള്‍ പറഞ്ഞു. Read More
ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ പാവപ്പെട്ടവരെ സംരക്ഷിക്കാൻ 65,000 കോടി രൂപ വേണമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള സംവാദത്തിലാണ് രഘുറാം രാജൻ ഇക്കാര്യം പറഞ്ഞത്. ലോക്ക്ഡൗൺ നീട്ടുന്നത് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് ഗുണം ചെയ്യില്ലെന്നും രഘുറാം രാജൻ പറഞ്ഞു. ലോക്ക്ഡൗൺ പിൻവലിക്കേണ്ടത് കൃത്യമായ ആസൂത്രണങ്ങളോടെ വേണമെന്നും അദ്ദേഹം പറഞ്ഞു.
മാലിദ്വീപിൽ ആദ്യത്തെ കോവിഡ്-19 മരണം റിപ്പോർട്ട് ചെയ്തു. മാലി സ്വദേശിനിയായ 83 കാരിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രി അബ്ദുളള അമീൻ അറിയിച്ചു. മാലിദ്വീപിൽ 280 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബോളിവുഡ് നടൻ ഋഷി കപൂർ (67) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹോദരൻ രൺധീർ കപൂറാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. നടൻ ഇർഫാൻ ഖാൻ ഇന്നലെയാണ് മരിച്ചത് വിശദമായി വായിക്കാം
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ലോകത്തെവിടെയും നടക്കാത്ത തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് ഇ.ശ്രീധരൻ പറഞ്ഞു. “ലോകത്തൊരിടത്തും നടക്കാത്തതാണ് കേരളത്തിൽ നടക്കുന്നത്. എത്രയോ പേരുടെ ജീവൻ രക്ഷിക്കാനായി. അത് ചെറിയ കാര്യമല്ല. സാധാരണക്കാരുടെ ജീവിതപ്രയാസങ്ങൾ മുൻകൂട്ടി കണ്ട് ആവിഷ്കരിച്ചു നടപ്പാക്കിയ കാര്യങ്ങളും മറ്റെങ്ങുമില്ല. കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിനു സംസ്ഥാന സർക്കാരിനെ സഹായിക്കേണ്ടത് എല്ലാവരുടെയും കടമയാണ്,” ശ്രീധരൻ പറഞ്ഞു. വിശദമായി വായിക്കാം
കേരളത്തിൽ മദ്യശാലകൾ തുറക്കാൻ സാധ്യത. സമ്പൂർണ അടച്ചുപൂട്ടൽ അവസാനിക്കുന്ന മേയ് മൂന്നിന് ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റുകൾ സാധാരണ നിലയിൽ തുറന്നുപ്രവർത്തിച്ചേക്കും. മേയ് മൂന്നിന് ശേഷം കേന്ദ്രം പുതിയ മാർഗ്ഗനിർദേശം പുറത്തിറക്കും. നിയന്ത്രണങ്ങളിലെ ഇളവുകൾ ഏതെല്ലാം എന്നു വ്യക്തമായ ശേഷമായിരിക്കും മദ്യശാലകൾ തുറന്നുപ്രവർത്തിക്കുന്ന നടപടിയിലേക്ക് ബെവ്കോ കടക്കൂ. കടുത്ത നിയന്ത്രണങ്ങളോടെ ബിവറേജസ് ഔട്ട്ലറ്റുകൾ തുറന്നുപ്രവർത്തിക്കാൻ സാധിക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം.
സംസ്ഥാനത്ത് ഇന്നുമുതൽ മാസ്ക് നിർബന്ധമാക്കി. വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, തൂവാല എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിരുന്നു. മുഖാവരണം നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നുമുതൽ മാസ്ക് നിർബന്ധം. പുറത്തിറങ്ങണമെങ്കിൽ എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ് ചെയ്യും. നിയമം ലംഘിക്കുന്നവർക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5,000 രൂപ പിഴ ഈടാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.