Covid-19: കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കി മാറ്റും:

Covid-19: തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

corona virus, covid 19, ie malayalam
ഫൊട്ടോ : അരുള്‍ ഹൊറൈസണ്‍

Covid-19: തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ ശക്മാക്കുന്നു. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കി മാറ്റും, ഇതോടൊപ്പം കണ്ണൂർ മെഡിക്കൽ കോളെജും പണി പുരോഗമിക്കുന്ന കാസർഡോഗ് മെഡിക്കൽ കോളെജും കോവിഡ് ആശുപത്രികളാക്കി മാറ്റാനും തീരുമാനമായി.

കേരളത്തിൽ ഇന്ന് 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 164 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിൽ രണ്ട് പേരും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോ ആളുകൾക്ക് വീതവും സ്ഥിരീകരിച്ചു.

കോവിഡ്-19 വൈറസ് ബാധ മൂലം രോഗം മൂർച്ചിച്ച ആളുകളെ ചികത്സിക്കാൻ കണ്ണൂർ മെഡിക്കൽ കോളെജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഇവിടെ 200 കിടക്കകൾ, 40 ഐസിയു കിടക്കകൾ, 15 വെന്റിലേറ്ററുകൾ എന്നിങ്ങനെയുണ്ടാകും.കാസർഗോഡ് മെഡിക്കൽ കോളെജ് ആശുപത്രിക്കായി പണിയുന്ന കെട്ടിടവും കോവിഡ് ആശുപത്രിയാക്കി മാറ്റും.

ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. രാജസ്ഥാനിലാണ് ഏറ്റവും ഒടുവിലായി മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസ്ചാർജ് ചെയ്ത 66 കേസുകൾ ഉൾപ്പെടെ മൊത്തം കേസുകളുടെ എണ്ണം 724 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read in English: Coronavirus latest LIVE Updates

Live Blog

Coronavirus Covid-19 Live Updates: കോവിഡ് 19 മായി ബന്ധപ്പെട്ട വാർത്തകൾ


20:11 (IST)27 Mar 2020

മദ്യാസക്തിയുള്ളവര്‍ ശ്രദ്ധപുലര്‍ത്തണം; ഇല്ലെങ്കില്‍ ആപത്തെന്ന് ആരോഗ്യ മന്ത്രി

ലോക്ക് ഡൗണിനെത്തുടര്‍ന്ന് മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിക്കണം. ഇല്ലെങ്കില്‍ ഗുരുതര പ്രശ്നങ്ങളിലോ ആത്മഹത്യയിലോ കൊണ്ടെത്തിക്കും. ഇതു മുന്നില്‍കണ്ട് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

19:35 (IST)27 Mar 2020

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ തുടരുന്നതിനാൽ സ്വർണ പണയ ലേലം, ചിട്ടി പണം പിരിക്കൽ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പണപ്പിരിവ് എന്നിവ സംസ്ഥാനത്ത് നിർത്തിവയ്‌ക്കണമെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദേശം. സ്‌കൂൾ ഫീസ് അടയ്‌ക്കുന്നതടക്കമുള്ള കാര്യങ്ങൾ മാറ്റിവയ്‌ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇങ്ങനെയൊരു സാഹചര്യത്തിലും പല ധനകാര്യ സ്ഥാപനങ്ങളും പണപ്പിരിവ് നടത്തുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. സ്വകാര്യസ്ഥാപനങ്ങളടക്കം ചിട്ടിപ്പണം പിരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി സ്വര്‍ണലേലം, കുടിശിക നോട്ടിസ് അയയ്ക്കല്‍ എന്നിവ ഇക്കാലയളവിൽ വിലക്കിയതായും പറഞ്ഞു. സംസ്ഥാനം അതീവ ഗുരുതര സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഏത് സാഹചര്യവും നേരിടാൻ ജനങ്ങൾ തയ്യാറായിരിക്കണമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. എന്നാൽ, ആരും പകച്ചുനിൽക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

18:53 (IST)27 Mar 2020

മദ്യ ലഭ്യത കുറഞ്ഞത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു

ലോക്ക്ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്‌ലെറ്റുകളും അടച്ചതോടെ സംസ്ഥാനത്ത് മദ്യ ലഭ്യതയില്ലയെന്നും ഇത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും മുഖ്യമന്ത്രി. ഇതിന് പരിഹാരമായി ഡീഅഡിക്ഷൻ സെന്റർ ഉൾപ്പടെ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

18:46 (IST)27 Mar 2020

ചിട്ടി, ലേല നടപടികൾ നിർത്തിവയ്ക്കണം

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ എല്ലാ ചിട്ടികളും സ്വർണ പണയമുൾപ്പടെയുള്ള ലേല നടപടികളും നിർത്തിവയ്ക്കാൻ നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഫീസ് അടയ്ക്കേണ്ട കാലാവധിയും നീട്ടിവയ്ക്കണമെന്ന് മുഖ്യമന്ത്രി.

18:37 (IST)27 Mar 2020

കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കി മാറ്റും

കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയെ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കി മാറ്റും. പരിശോധനയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ അവിടെ ഉണ്ടാകും. കാസർഗോഡ് മെഡിക്കൽ കോളെജ് ആശുപത്രിയും കോവിഡ് ആശുപത്രിയാക്കി മാറ്റും.

18:35 (IST)27 Mar 2020

കണ്ണൂർ മെഡിക്കൽ കോളെജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കുന്നു

കോവിഡ്-19 വൈറസ് ബാധ മൂലം രോഗം മൂർച്ചിച്ച ആളുകളെ ശുശ്രൂഷിക്കാൻ കണ്ണൂർ മെഡിക്കൽ കോളെജ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഇവിടെ 200 കിടക്കകൾ, 40 ഐസിയു കിടക്കകൾ, 15 വെന്റിലേറ്ററുകൾ എന്നിങ്ങനെയുണ്ടാകും.

18:31 (IST)27 Mar 2020

നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം

രോഗബാധയുള്ള വിദേശ രാഷ്ട്രങ്ങളിൽ നിന്ന് വരുന്നവരും മുംബൈ, ഡൽഹി തുടങ്ങി രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ നിന്നും
അടുത്ത കാലത്ത് നാട്ടിലെത്തിയ എല്ലാവരും നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം. ഇത് അവരുടെ രക്ഷയ്ക്കും സമൂഹത്തിന്റെ രക്ഷയ്ക്കും അനിവാര്യമാണെന്നും മുഖ്യമന്ത്രി.

18:28 (IST)27 Mar 2020

കാസർഗോഡ് ജില്ലയിൽ ചില അടിയന്തര നടപടികൾ

കാസർഗോഡ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചില അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കാസർഗോഡുള്ള മെഡിക്കൽ കോളെജ് കെട്ടിടം പ്രവർത്തന ക്ഷമമാക്കാനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കും.

18:20 (IST)27 Mar 2020

മണ്ണ് കൊണ്ടുവന്ന് ഗതാഗതം തടയുന്നു

കേരളവും കർണാടകയും അതിർത്തി പങ്കിടുന്ന പല സ്ഥലങ്ങളിലും കർണാടക സർക്കാർ മണ്ണ് കൊണ്ടുവന്ന് ഗതാഗതം തടയുന്നുവെന്ന് മുഖ്യമന്ത്രി. ഇത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് നേരെ വിരുദ്ധമാണെന്നും മുഖ്യമന്ത്രി.

18:16 (IST)27 Mar 2020

മുഖ്യമന്ത്രി തത്സമയം

18:15 (IST)27 Mar 2020

ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച ആളുകൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്തു

ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച ആളുകൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്തു. പൊതു പ്രവർത്തകനായ ഇയാൾ മെഡിക്കൽ കോളെജുകളും സ്കൂളുകളും ഓഫീസുകളുമടക്കം പല സ്ഥാപനങ്ങളും സന്ദർശിക്കുകയും സാധരണക്കാരും ഓഫീസർമരും ഭരണാധികാരികളുമടക്കം പലരുമായും സമ്പർക്കത്തിലേർപ്പെടുകയും ചെയ്തു.

18:13 (IST)27 Mar 2020

സ്ഥിതി ഗൗരവകരമാകുന്നു

സ്ഥിതി ഗൗരവകരമാകുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ ഒരുങ്ങണം. രോഗം സ്ഥിരീകരിച്ച പലരും നിരവധി ആളുകളുമായി സമ്പർക്കത്തിലേർപ്പെട്ടവരും നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്തവരുമാണെന്ന് മുഖ്യമന്ത്രി.

18:11 (IST)27 Mar 2020

ആകെ 110299 പേർ നിരീക്ഷണത്തിലുള്ളത്

ആകെ 110299 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 109683 പേർ വീടുകളിലും 616 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 112 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4448 എണ്ണം നെഗറ്റീവാണ്.

18:08 (IST)27 Mar 2020

കേരളത്തിൽ ഇന്ന് മാത്രം 39 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 164 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് ജില്ലയിലും കണ്ണൂർ ജില്ലയിൽ രണ്ട് പേരും തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഓരോ ആളുകൾക്ക് വീതവും സ്ഥിരീകരിച്ചു.

17:36 (IST)27 Mar 2020

കൊല്ലം സബ് കലക്‌ടർക്ക് സസ്‌പെൻഷൻ

കോവിഡ് നിരീക്ഷണത്തിൽ നിന്നു കടന്നുകളഞ്ഞ കൊല്ലം സബ് കലക്‌ടർക്ക് സസ്‌പെൻഷൻ. കോവിഡ് നിയന്ത്രണത്തിനിടെ കൊല്ലത്തു നിന്ന് കടന്നുകളഞ്ഞ അനുപം മിശ്ര ഐഎഎസിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. കോവിഡ് നിയന്ത്രണം ലംഘിച്ച സബ് കലക്‌ടർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അതിനു പിന്നാലെയാണ് സസ്‌പെൻഷൻ. മധുവിധുവിനായി സിംഗപ്പൂരിലും മലേഷ്യയിലും പോയ ശേഷം മാർച്ച് പതിനെട്ടിനാണ് അനുപം മിശ്ര കൊല്ലത്തേക്ക് മടങ്ങിയെത്തിയത്. വിദേശത്തുനിന്ന് എത്തുന്നവർ 14 ദിവസം നിർഹന്ധിത ക്വാറന്റെെനിൽ പ്രവേശിക്കണമെന്നുണ്ട്. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ 19 ആം തിയതി കൊല്ലം കലക്‌ടർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതു ലംഘിച്ചാണ് സബ് കലക്‌ടർ കടന്നുകളഞ്ഞ്.

17:33 (IST)27 Mar 2020

ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സംസാരിക്കുന്നു

17:33 (IST)27 Mar 2020

ബോറിസ് ജോൺസണ് കോവിഡ്

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് അദ്ദേഹം സ്വയം ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയായിരുന്നു. അതിനു പിന്നാലെയാണ് സാംപിൾ പരിശോധനാഫലം ലഭിച്ചത്. തനിക്കു കോവിഡ്-19 വെെറസ് ബാധയുണ്ടെന്ന കാര്യം ബോറിസ് ജോൺസൺ തന്നെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. സാംപിൾ ഫലം പോസിറ്റീവ് ആണെന്നും വീട്ടിൽ ക്വാറന്റെെനിൽ പ്രവേശിച്ചിരിക്കുകയാണെന്നും ബോറിസ് ജോൺസൺ വീഡിയോ സന്ദേശത്തിൽ പറയുന്നു. കൂടുതൽ വായനയ്‌ക്ക് ഇവിടെ ക്ലിക് ചെയ്യുക

16:58 (IST)27 Mar 2020

കോവിഡ്-19: മുംബൈയില്‍ ഡോക്ടര്‍ മരിച്ചു; കുടുംബത്തിലെ എല്ലാവര്‍ക്കും വൈറസ് ബാധ

കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന മുംബൈയിലെ ഡോക്ടര്‍ മരിച്ചു. ഹിന്ദുജ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഡോക്ടറുടെ കൊച്ചുമകന്‍ ലണ്ടനില്‍നിന്ന് മാര്‍ച്ച് 12ന് തിരിച്ചെത്തിയിരുന്നതായും സ്വയം ഒറ്റപ്പെട്ടുകഴിയുകയായിരുന്നുവെന്നും ബന്ധുക്കള്‍ അധികൃതരോട് പറഞ്ഞു.

എണ്‍പത്തി രണ്ടുകാരനായ ഡോക്ടര്‍ക്കു നാല് ദിവസം മുമ്പ് ചുമയുണ്ടായിരുന്നു. കോവിഡ്-19 പരിശോധനയില്‍, ഫലം പോസിറ്റീവ് ആയി. തുടര്‍ന്ന് ഡോക്ടറെ ഹിന്ദുജയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആറ് പേരടങ്ങുന്ന കുടുംബത്തിലെ എല്ലാവരുടെയും പരിശോധനാ ഫലം പോസിറ്റീവാണ്.

16:37 (IST)27 Mar 2020

കോവിഡ്-19: ഇന്ത്യയിൽ ഒരു മരണം കൂടി, 724 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 17 ആയി. ഇന്ന് കർണാടകയിലെ തൂമക്കുരുവിലാണ് അറുപത്തഞ്ചു വയസുകാരൻ മരിച്ചത്. രാജ്യത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി. കേരളത്തിൽ 137 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 66 പേർക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

15:43 (IST)27 Mar 2020

സേലം, ഈറോഡ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

തമിഴ്നാട് സേലം, ഈറോഡ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം. ഇവിടെ പലചരക്ക് കടകളുൾപ്പെടെ അടച്ചിടും. തായ്ലാൻഡ് ഇന്തോനേഷ്യൻ സ്വദേശികൾ ഒരാഴ്ചയോളം ഇവിടെ താമസിച്ചിരുന്നു. ഈ മേഖലയിൽ അവശ്യസാധനങ്ങൾക്ക് പോലും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും ജില്ലാ ഭരണകൂടം വീട്ടിൽ എത്തിച്ച് നൽകു. 300 ലധികം ആളുകളുമായി വിദേശികൾ സമ്പർക്കം പുലർത്തിയതായി തമിഴ്നാട് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

15:06 (IST)27 Mar 2020

ഇനി എങ്ങാനും…

15:03 (IST)27 Mar 2020

ഇത് ഞെട്ടിപ്പിക്കുന്നു; 2018ൽ കൊറോണ പ്രവചിച്ച നെറ്റ്ഫ്ലിക്സ് സീരിസ് പരിചയപ്പെടുത്തി ഹർഭജൻ സിങ്

ലോകത്താകമാനം പടർന്ന് പിടിക്കുന്ന കൊറോണ വൈറസ് ഇതിനോടകം കാൽ ലക്ഷത്തോളം അടുത്ത് ആളുകളുടെ ജീവനാണ് കവർന്നത്. ഇതിനിടയിൽ പല തരത്തിലുള്ള വ്യാജ വാർത്തകളും പ്രവചനങ്ങളും സമൂഹമാധ്യമങ്ങളിലും ചർച്ചയാകുന്നുമുണ്ട്. കൊറോണ വൈറസിനെക്കുറിച്ചും 2020ൽ രാജ്യം നേരിട്ടേക്കാവുന്ന മഹാമാരിയെക്കുറിച്ചുമെല്ലാം പ്രവചിക്കുന്നതും പ്രതിപാദിക്കുന്നതുമായി പുസ്തകങ്ങളും ലേഖനങ്ങളും ഇതിനോടകം തന്നെ നമ്മളിൽ പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകം. അത്തരത്തിൽ കൊറോണ വൈറസിന്റെ ഉദ്ഭവവും ആഘാതവും പ്രവചിക്കുന്ന ഒരു വെബ്സീരിസ് പരിചയപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ താരം ഹർഭജൻ സിങ്. Read More

14:01 (IST)27 Mar 2020

കോവിഡിനെതിരായ ചെറുത്തു നിൽപ്പ്; സച്ചിൻ 50 ലക്ഷം രൂപ സംഭാവന നൽകി

ലോകം കോവിഡ്-19 എന്ന മഹാമാരിക്കെതിരായ ചെറുത്ത് നിൽപ്പുകൾ ശക്തമാക്കുകയാണ്. ഇന്ത്യയും തങ്ങളുടെ സകല പ്രതിരോധ മാർഗങ്ങളും ഉപയോഗിച്ചാണ് കോവിഡിനെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഈ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിലുള്ള സാമ്പത്തിക സഹായം ആവശ്യമാണ്. ഈ അവസരത്തിൽ കോവിഡിനെതിരായ ചെറുത്തു നിൽപ്പിനെ സഹായിക്കാൻ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്.Read More

13:01 (IST)27 Mar 2020

അടച്ചിട്ട ബാറിനു മുന്നിൽ മദ്യത്തിന് ബഹളം; യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ

അടച്ചിട്ട ബാറിനു മുന്നിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം വച്ച യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. മദ്യം ആവശ്യപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. ബാർ ജീവനക്കാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് വാഹനം അടക്കം യുവാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആലുവ സ്വദേശികളായ അമൽ, ജിത്തു എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. Read More

12:12 (IST)27 Mar 2020

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ ചൈനയും യുഎസും ഒന്നിച്ചു നിൽക്കണം

ലോകത്തിന് വെല്ലുവിളിയായി മാറിയ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ചൈനയും യുഎസും ഒന്നിച്ചു നിൽക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. 

12:08 (IST)27 Mar 2020

ബിഹാറിൽ രണ്ടു പേർക്കുകൂടി കോവിഡ്

ബിഹാറിൽ രണ്ടു പേർക്കു കൂടി കോവിഡ്-19 റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതായി. 

11:52 (IST)27 Mar 2020

മഹാരാഷ്ട്രയിലെ കോവിഡ് കേസുകളുടെ എണ്ണം 135 ആയി

മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ അഞ്ച് പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 135 ആയി ഉയർന്നു.

11:18 (IST)27 Mar 2020

മരണസംഖ്യ 17, ഇന്ത്യയിൽ 724 പേർക്ക് കോവിഡ്

ഇന്ത്യയിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. രാജസ്ഥാനിലാണ് ഏറ്റവും ഒടുവിലായി മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസ്ചാർജ് ചെയ്ത 66 കേസുകൾ ഉൾപ്പെടെ മൊത്തം കേസുകളുടെ എണ്ണം 724 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

11:05 (IST)27 Mar 2020

കോവിഡ്-19 പരിശോധന: ഇന്ത്യ തെക്കന്‍ കൊറിയയെ മാതൃകയാക്കുന്നു, 5 ലക്ഷം പരിശോധന കിറ്റുകള്‍ സംഭരിക്കുന്നു

കൊറോണവൈറസ് രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകള്‍ നടത്തുന്നതിന് അഞ്ച് ലക്ഷം ആന്റിബോഡി കിറ്റുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആരംഭിച്ചു. തെക്കന്‍ കൊറിയയുടെ മാതൃക പിന്തുടരുന്നതിനാണ് ഇന്ത്യയുടെ ശ്രമം. രോഗമുണ്ടോയെന്ന് സ്‌ക്രീന്‍ ചെയ്യുന്നതിന് സെറോളോജിക്കല്‍ പരിശോധന നടത്തുന്നതിനാണ് ആന്റിബോഡി കിറ്റുകള്‍ വാങ്ങുന്നത്. ദക്ഷിണ കൊറിയയില്‍, ഈ പരിശോധന ധാരാളമായി നടത്തി രോഗപ്രതിരോധ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് വൈറസിന്റെ വ്യാപനം വലിയതോതില്‍ തടയാന്‍ കഴിഞ്ഞിരുന്നു. Read More

10:38 (IST)27 Mar 2020

പലിശ നിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ പലിശ നിരക്കുകളില്‍ ഇളവുകള്‍ വരുത്തി റിസര്‍വ് ബാങ്ക്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കുറവ് വരുത്തുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. റിപ്പോ നിരക്ക് 5.15ല്‍ നിന്ന് 4.4 ശതമാനമായി കുറച്ചു. 0.75 ശതമാനമാണ് റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത്. റിവേഴ്‌സ് റിപ്പോ നിരക്ക് നാല് ശതമാനമായും കുറച്ചിട്ടുണ്ട്.

10:34 (IST)27 Mar 2020

രാജ്യത്ത് ഇതുവരെ സമൂഹ വ്യാപനം ഇല്ല; പോസിറ്റീവ് കേസുകളുടെ വർദ്ധന കുറയുന്നു: സർക്കാർ

രാജ്യത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം 694 ആയി ഉയർന്നു. ഇതിൽ 44 പേർ സുഖം പ്രാപിച്ചു, 16 പേർ മരിച്ചു. ഈ ഘട്ടത്തിൽ വൈറസ് സമൂഹ വ്യാപനത്തിലേക്ക് കടന്നോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ഒന്നോ രണ്ടോ കേസുകളിൽ അണുബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ലെന്നും, എന്നാൽ രാജ്യത്ത് കമ്മ്യൂണിറ്റി പ്രക്ഷേപണം ആരംഭിച്ചുവെന്ന് ഇതിനർത്ഥമില്ലെന്നുമാണ് കേന്ദ്ര സർക്കാർ നൽകുന്ന മറുപടി. Read More

09:55 (IST)27 Mar 2020

അനിന്ദ്യയുടെ വേദനയ്ക്ക് മുന്നിൽ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ വഴിമാറിയപ്പോള്‍

ദേശീയ ലോക്ക്ഡൗണിനിടയിൽ, ഒരാളെ വീട്ടിൽ തന്നെ തങ്ങാനുള്ള ഉത്തരവിൽ നിന്ന് ഒഴിവാക്കി. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ, 28 കാരനായ അനിന്ദ്യ റോയ് മൂന്ന് സംസ്ഥാനങ്ങളിലായി 2,300 കിലോമീറ്ററോളം സഞ്ചരിച്ച് മുംബൈയിൽ നിന്ന് കൊൽക്കത്തയിലെ തന്റെ വീട്ടിലെത്തി പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ അപ്പീലിനെത്തുടർന്ന് മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് കമ്മീഷണർ ശേഖർ ചന്നെ സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോകാൻ അനിന്ദ്യയ്ക്ക് പ്രത്യേക പാസ് നൽകുകയായിരുന്നു. Read More

09:25 (IST)27 Mar 2020

മരണം ഒഴിവാക്കാന്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍; ലോകാരോഗ്യ സംഘനയുടെ നിര്‍ദ്ദേശങ്ങള്‍

കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കാല്‍ലക്ഷത്തോട് അടുക്കവേ, മരണങ്ങള്‍ ഒഴിവാക്കാന്‍ രാജ്യങ്ങള്‍ക്ക് ആറ് നിര്‍ദ്ദേശങ്ങളുമായി ലോകാരോഗ്യ സംഘടന. ലോകമെമ്പാടും ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു.ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള രാജ്യമായി അമേരിക്ക മാറിയിരുന്നു. ചൈനയേയും ഇറ്റലിലേയും മറികടന്നാണ് അമേരിക്ക മുന്നിലെത്തിയത്. ചൈനയില്‍ 81,340 രോഗികളും ഇറ്റലിയില്‍ 80,500 രോഗികളും അമേരിക്കയില്‍ 82,400 കേസുകളുമാണുള്ളത്. Read More

09:24 (IST)27 Mar 2020

മഹാരാഷ്ട്രയിൽ 11,000 തടവുകാരെ ജയിൽ മോചിതരാക്കും

കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ 50 ജയിലുകളിലായി കഴിയുന്ന 36,000 തടവുകാരിൽ നിന്ന് മൂന്നിലൊന്നായ 11,000 പേരെ വരും ദിവസങ്ങളിൽ ജയിൽ വകുപ്പ് മോചിപ്പിക്കുമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യാഴാഴ്ച വൈകുന്നേരം അറിയിച്ചു. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെയാണ് മോചിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. വിചാരണ തടവുകാരേയും മോചിപ്പിക്കും. 

08:33 (IST)27 Mar 2020

കൊറോണയിൽ കുലുങ്ങി യുഎസ്; രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ

ചൈനയേയും ഇറ്റലിയേയും ഇളക്കിമറിച്ച കൊറോണ അമേരിക്കയേയും വിറപ്പിയ്ക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ19 ബാധിതരുള്ള രാജ്യം അമേരിക്കയായി. 82,400 കേസുകളാണ് അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇതോടെ അമേരിക്ക ചൈനയേയും ഇറ്റലിയേയും. ചൈനയില്‍ 81,340 രോഗികളും ഇറ്റലിയിൽ 80,500 രോഗികളുമാണുള്ളത്. Read More

08:30 (IST)27 Mar 2020

കമ്മ്യൂണിറ്റി കിച്ചൺ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും

കമ്മ്യൂണിറ്റി കിച്ചണ്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. കോവിഡ്-19 പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയേണ്ടി വരുന്നവര്‍ക്കു പട്ടിണി ഉണ്ടാകാതിരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശാനുസരണം കടുത്തുരുത്തി പഞ്ചായത്തിലെ രണ്ടു വില്ലേജുകളിലായി ആവശ്യാനുസരണമുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കും. Read More

08:30 (IST)27 Mar 2020

നിരീക്ഷണത്തിലിരിക്കെ മുങ്ങിയ സബ്കലക്ടർക്കെതിരെ കേസ്

നിരീക്ഷണം ലംഘിച്ച് നാടുവിട്ട കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയ്‌ക്കെതിരെ കേസ്. അനുപം മിശ്ര നാടുവിട്ട വിവരം അറിയിക്കാതിരുന്ന ഇദ്ദേഹത്തിന്റെ ഗണ്‍മാനെതിരെയും കേസെടുക്കും. വിവരം മറച്ചുവച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഉത്തരവിറക്കി. അനുപം മിശ്ര ഇപ്പോള്‍ കാണ്‍പൂരിലാണെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ കാണ്‍പൂരിലാണ്.

Coronavirus Covid-19 Live Updates: കേരളത്തിൽ ഇന്ന് 19 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ വൈറസ് സ്ഥിരീകരിച്ചത് 137 പേർക്കാണ് ഇതിൽ 126 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ കണ്ണൂർ ജില്ലയിലും കാസർഗോഡ് മലപ്പുറം ജില്ലകളിൽ മൂന്ന് വീതം ആളുകളും തൃശൂരിൽ രണ്ടു പേരും ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർക്കുമാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂട്ടിരിപ്പിനും സഹായത്തിനും 1465 യുവ വോളിന്റിയർമാരെ തിരഞ്ഞെടുത്തതായും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

നിരീക്ഷണം ലംഘിച്ച് നാടുവിട്ട കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയ്‌ക്കെതിരെ കേസ്. അനുപം മിശ്ര നാടുവിട്ട വിവരം അറിയിക്കാതിരുന്ന ഇദ്ദേഹത്തിന്റെ ഗണ്‍മാനെതിരെയും കേസെടുക്കും. വിവരം മറച്ചുവച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ഉത്തരവിറക്കി. അനുപം മിശ്ര ഇപ്പോള്‍ കാണ്‍പൂരിലാണെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ കാണ്‍പൂരിലാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 live updates india kerala

Next Story
കൊറോണയിൽ കുലുങ്ങി യുഎസ്; രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽcorona virus, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com