ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം നാലേകാൽ ലക്ഷം കടന്നു. ഇന്ത്യയിൽ 4,25,282 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,74,387 ആണ്. രണ്ടേകാൽ ലക്ഷത്തിലേറെ പേർ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 13,699 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 14,821 പേർക്കാണ്. ഒറ്റ ദിവസത്തിനിടെ 445 പേര്‍ മരിക്കുകയും ചെയ്‌തു. രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വർധനവ് രേഖപ്പെടുത്തുന്നത് ആശങ്കയ്‌ക്ക് കാരണമാകുന്നു.
Read Also: പ്രകോപനമുണ്ടായാൽ തക്ക മറുപടി; ചെെന വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം
മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. മഹാരാഷ്‌ട്രയിൽ മരണസംഖ്യ ആറായിരം കടന്ന് 6,170 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,32,074 ആകുകയും ചെയ്തു. ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അറുപതിനായിരത്തോളമായി. 1663 പേര്‍ മരിച്ചു. തമിഴ്‌നാട്ടിൽ 59,377 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തിൽ 27,260 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷത്തോട് അടുക്കുന്നു. ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രസീലിലും അമേരിക്കയിലും സ്ഥിതി ഗുരുതരമായി തുടരുന്നു.
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് വ്യാപനം അതിവേഗത്തിലാണെന്നും പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായാണ് വര്‍ധിക്കുന്നതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു. കോവിഡ് മഹാമാരി നേരിടാനുള്ള നിയന്ത്രണങ്ങള്‍ ഇനിയും വേണം. രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് വളരെ ആലോചിച്ചുമാത്രം നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. വൈറസ് ഇപ്പോഴും അതിവേഗം പടരുകയാണ്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടത് അനിവാര്യമാണ്. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈ കഴുകുക തുടങ്ങിയവ വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.