ന്യൂഡൽഹി: കോവിഡ്-19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ തുടരുകയാണ്. അതിനിടയിൽ ജനങ്ങൾക്ക് വീഡിയോ സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗൺ ഒൻപതാം ദിവസത്തിലേക്ക് എത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ ഹ്രസ്വ വീഡിയോ സന്ദേശം.

ഞായറാഴ്‌ച (ഏപ്രിൽ അഞ്ച്) രാത്രി ഒൻപതിനു എല്ലാവരും വീടുകളിലെ ലൈറ്റ് ഓഫ് ചെയ്‌ത് വിളക്കോ മെഴുകുതിരിയോ കത്തിക്കുകയോ ടോർച്ച്, മൊബൈൽ ഫോൺ ലൈറ്റ് എന്നിവ ഉപയോഗിക്കുകയോ ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒൻപത് മിനിറ്റ് ഇങ്ങനെ വെളിച്ചം തെളിയിക്കണം. വീടിന്റെ വാതിൽക്കലോ മട്ടുപ്പാവിലോ നിന്ന് ഇങ്ങനെ വെളിച്ചം തെളിയിക്കണം. ഒൻപത് മിനിറ്റ് വെളിച്ചം തെളിയിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊറോണ വൈറസ് എന്ന അന്ധകാരത്തെ പ്രതിരോധിക്കുന്നതിന്റെ സൂചനയായാണ് ഇതെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Read Also: നോ,ഷേവ്; താടി വടിക്കാത്തതിനു കാരണം വ്യക്തമാക്കി കോഹ്‌ലി

“കൊറോണ വൈറസിനെ നമ്മൾ ഒന്നിച്ചു പ്രതിരോധിക്കണം. ലോക്ക്ഡൗൺ കാലത്ത് ഒറ്റയ്‌ക്കാണെന്ന് ആരും വിചാരിക്കേണ്ട. നമ്മൾ ഒന്നിച്ചാണ് ഇതിനെതിരെ പോരാടുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം നടപ്പിലാക്കിയ ലോക്ക്ഡൗൺ ലോകശ്രദ്ധ നേടി. മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ നടപടി മാതൃകയാക്കുകയാണ്. ജനങ്ങൾ നല്ല രീതിയിൽ സഹകരിച്ചു. ജനങ്ങളുടെ സഹകരണം വലിയ മാതൃകയാണ്. മാർച്ച് 22 ലെ ജനതാ കർഫ്യൂവും മറ്റ് രാജ്യങ്ങൾക്ക് മാതൃകയായി,” വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

രാവിലെ ഒൻപതിനാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം ആരംഭിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇന്ത്യയിലെ ജനങ്ങൾക്കായി താനൊരു വീഡിയോ സന്ദേശം നൽകുമെന്ന് ഇന്നലെ ട്വിറ്ററിലൂടെയാണ് മോദി അറിയിച്ചത്. എല്ലാ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ഇന്നലെ ചർച്ച നടത്തിയിരുന്നു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചർച്ച.

കോവിഡിനെ പ്രതിരോധിക്കാൻ എല്ലാ സംസ്ഥാനങ്ങളും നന്നായി പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞു. ഇന്ത്യയുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രണ്ട് തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്.

Read Also: ചികിത്സയിലുള്ളത് 256 പേർ; അതീവ ജാഗ്രതയിൽ കേരളം

അതേസമയം, ലോകത്താകെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 1,002,159 പേർക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. 50,230 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. സ്പെയിനിൽ വ്യാഴാഴ്ച മാത്രം 950 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗം ബാധിച്ച 2,04, 605 പേർ ഇതുവരെ രോഗവിമുക്തരായി.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 328 പുതിയ കോവിഡ് കേസുകൾ റിപോർട്ട് ചെയ്തു. 2069 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 53 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കേരളത്തിൽ 21 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആകെ 286 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook