മുംബെെ: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ദിനംപ്രതി ഇവിടെ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. അതിനിടയിലാണ് കൂടുതൽ ആശങ്ക പരത്തി ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചത്. മുംബെെയിലെ ആശുപത്രിയിൽ മലയാളി ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗബാധ സ്ഥിരീകരിച്ചു. മുംബെെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളികളാണ് ഇവർ. ഡോക്ടർമാരും നഴ്സുമാരുമായി 30 ഓളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 270 പേരുടെ ശ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആശുപത്രിയിലെ എല്ലാ ജീവനക്കാരും ഇപ്പോഴും നിരീക്ഷണത്തിലാണ്. മാർച്ച് 17 ന് കോവിഡ് സ്ഥിരീകരിച്ച ഒരു രോഗിയിൽ നിന്നാണ് വെെറസ് ബാധ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ച മാർച്ച് 28നു ആശുപത്രി സീൽ ചെയ്തു. പിന്നീട് രോഗബാധിതരായ ആശുപത്രി ജീവനക്കാരുടെ എണ്ണം അതിവേഗം വർധിക്കുന്നതാണ് കണ്ടത്. കഴിഞ്ഞ ആഴ്ചയിൽ മൂന്ന് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 350 ബെഡുകളുള്ള ആശുപത്രി ഇപ്പോൾ കോവിഡ് ചികിത്സയ്ക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.
Read Also: അത് അശാസ്ത്രീയത തന്നെ, പക്ഷേ.., ക്ലിഫ് ഹൗസിൽ ലെെറ്റ് അണച്ചതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം
അതേസമയം, മുംബൈ, ഡൽഹി നഗരങ്ങളിൽ തൊഴിലെടുക്കുന്ന മലയാളി നഴ്സുമാരുടെ സുരക്ഷ സംബന്ധിച്ച വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഹാരാഷ്ട്ര, ഡല്‍ഹി സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെടും. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുംബൈയിൽ 46 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വാർത്ത. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഇടപെടൽ. 150ലേറെ നഴ്സുമാർ മുംബൈയിൽ നിരീക്ഷണത്തിലാണ്. ഡൽഹിയിൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലാതെ നഴ്സുമാർക്ക് ജോലിചെയ്യേണ്ടിവരുന്നു എന്ന പരാതിയും ഉയർന്നിട്ടുണ്ട്.