പൂനെ: മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 60,000 പിന്നിട്ടു. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് കേസുകളുടെ എണ്ണം ഇത്രയധികം വർധിക്കുന്നത്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയിലാണ്. 36,902 കേസുകളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയതത്. വ്യാഴാഴ്ച 35,952ഉം ബുധനാഴ്ച 31,855മായിരുന്നു രോഗികളുടെ എണ്ണം. 2.83 ലക്ഷം പേരാണ് മഹാരാഷ്ട്രയില്‍ മഹാമാരി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം സജീവ കേസുകള്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി മാസത്തില്‍ നേരിയ ശമനം ഉണ്ടായിരുന്നെങ്കിലും സ്ഥിതിഗതികള്‍ വീണ്ടും വഷളായിരിക്കുകയാണ്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ പഞ്ചാബിലാണ് പ്രതിദിന രോഗികള്‍ കൂടുതല്‍. കോവിഡ് കേസുകളുടെ എണ്ണം ആദ്യമായി 3000 പിന്നിട്ട ദിവസമായിരുന്നു വെള്ളിയാഴ്ച. 3122 ആണ് വെള്ളിയാഴ്ചത്തെ കണക്ക്. കഴിഞ്ഞ സെപ്റ്റംബറിലാണ് പഞ്ചാബില്‍ രോഗം ഇത്രയും വ്യാപിച്ചിരുന്നത്. ഒരാഴ്ചക്കിടെ 334 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read More: കോവിഡ് രോഗബാധകളിലെ വർധന: മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രികാല യാത്രാ വിലക്ക്
സമാനസാഹചര്യമാണ് ഗുജറാത്തിലും നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി കേസുകളുടെ എണ്ണം 2000ത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചു, ലോക് ഡൗണ്‍ പരിഹാരമാകില്ല: ദില്ലി ആരോഗ്യമന്ത്രി
ദില്ലിയിലെ ആശുപത്രികളിൽ ഇപ്പോൾ മതിയായ കിടക്കകളുണ്ടെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഇപ്പോൾ 20 ശതമാനം കിടക്കളില്‍ മാത്രമാണ് രോഗികള്‍ ഉള്ളതെന്നും, 80% കിടക്കകളും വെറുതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ കൂടുതല്‍ കിടക്കകള്‍ തയ്യാറാക്കും,” ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
“നേരത്തെ ദില്ലിയില്‍ കേസുകളുടെ എണ്ണം കുറവായിരുന്നെങ്കിലും ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതിനാല്‍ പ്രതിദിനം 85,000-90,000 പരിശോധനകള്‍ വരെ നടത്തുന്നു. ഇത് ദേശിയ ശരാശരിയേക്കാള്‍ മുകളിലാണ്,” സത്യേന്ദര്‍ ജെയിന് പറഞ്ഞു.
“വാക്സിനെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. സാങ്കേതികതയോട് പരിചയമില്ലാത്തവരാണ് നിരവധി പേര്. രജിസ്റ്റര്‍ ചെയ്താലും പലര്‍ക്കും സമയത്ത് ആശുപത്രികളിലെത്താന്‍ സാധിക്കുന്നില്ല. ഇത്തരം സാഹചര്യം നിലവിലുള്ളതിനാല്‍ ഇനിമുതല്‍ വൈകുന്നേരം 3 മണി മുതല്‍ 9 വരെ രജിസ്റ്റര്‍ ചെയ്യാതെ വാക്സിനെടുക്കാനുള്ള സൗകര്യം ജനങ്ങള്‍ക്ക് ഒരുക്കിയിട്ടുണ്ട്,” ആരോഗ്യമന്ത്രി വ്യക്തമാക്കി. കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചത്തലത്തിലും ലോക് ഡൗണ്‍ വേണ്ട എന്ന നിലപാടിലാണ് ദില്ലി സര്‍ക്കാര്‍.