ന്യൂഡൽഹി: രാജ്യത്തെ കോവിഡ് -19 രോഗവ്യാപനം മോശം അവസ്ഥയിൽനിന്ന് വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആശങ്കാകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. ആർടി-പിസിആർ പരിശോധനയ്ക്ക് പ്രാധാന്യം നൽഖി പരിശോധന വേഗത്തിലാക്കാനും രോഗം സ്ഥിരീകരിച്ചവരെ പെട്ടെന്ന് തന്നെ ഐസൊലേഷനിലേക്ക് മാറ്റാനും മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കോൺടാക്ട് ട്രെയ്സിങ്ങ് നടത്താനും ആരോഗ്യ സൗകര്യങ്ങൾ വർധിപ്പിക്കാനും കേന്ദ്രം നിർദേശം നൽകി.
Read More: വീണ്ടും ഇരുണ്ട കാലത്തേക്കോ? ലോക്ക്ഡൗണ്‍ ഭീതിയില്‍ അതിഥി തൊഴിലാളികള്‍
ചൊവ്വാഴ്ച രാവിലെ എട്ടുമണി വരെയുള്ള 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 56,211 പുതിയ കോവിഡ് -19 കേസുകളാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം രോഗബാധകൾ 1.20 കോടിയിലധികമായി. 5.40 ലക്ഷം സജീവ കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1.13 കോടിയിലധികം ആളുകൾ ആകെ രോഗമുക്തി നേടി. 271 പുതിയ മരണങ്ങൾ രേഖപ്പെടുത്തി. രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1.62 ലക്ഷത്തിലധികമാണ്. മഹാരാഷ്ട്രയിൽ മാത്രം തിങ്കളാഴ്ച 31,643 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇന്ത്യയുടെ കോവിഡ് രണ്ടാം വരവിന്റെ കേന്ദ്രമായ മഹാരാഷ്ട്രയിൽ ഏപ്രിൽ 1 നകം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. ഒരു പൂർണ്ണ ലോക്ക്ഡൗൺ ഇപ്പോൾ സാധ്യമല്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 68,020 പുതിയ കേസുകളിൽ 84.5 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ് എന്നിവയുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു..