കാസർഗോഡ്: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളവുമായുള്ള അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിയില്‍ ഒരു ജീവന്‍ കൂടെ പൊലിഞ്ഞു. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം തുമിനാട് സ്വദേശിയായ ബേബിയാണ് ഇന്ന് മരിച്ചത്.

ഇതോടെ കര്‍ണാടകം അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ നിഷേധിക്കപ്പെട്ട് മരിച്ചവരുടെ എണ്ണം ഏഴായി. കര്‍ണാടകവുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍ഗോഡ് ജില്ലയിലെ ആളുകള്‍ ചികിത്സയ്ക്കായി പതിറ്റാണ്ടുകളായി മംഗലാപുരത്തെ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അതിര്‍ത്തി അടച്ചതു മൂലം നൂറു കണക്കിന് രോഗികളാണ് തുടര്‍ ചികിത്സ കിട്ടാതെ വലയുന്നത്.

കർണാടക അതിർത്തി പ്രദേശത്ത് താമസിക്കുന്ന ബേബി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയെയാണ് ചികിത്സക്കായി ആശ്രയിച്ചിരുന്നത്.

Explained: രാത്രി ഒമ്പത് മിനിട്ട് വൈദ്യുത വിളക്കുകള്‍ അണച്ചാല്‍ എന്തുസംഭവിക്കും? വൈദ്യുത വിതരണം തടസ്സപ്പെടുമോ?

വിദഗ്‌ധ ചികിത്സ കിട്ടാതെ ആളുകൾ മരിക്കുമ്പോഴും അതിർത്തി തുറക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കർണാടക. കാസർഗോഡ്-മംഗളൂരു അതിർത്തി തുറക്കുന്നതു മരണം ചോദിച്ചു വാങ്ങുന്നതിനു തുല്യമാണെന്നാണ് മുഖ്യമന്ത്രി യെഡിയൂരപ്പ പറയുന്നത്. അതിർത്തി അടച്ചത് മുൻകരുതൽ നടപടിയാണെന്നും കാസർഗോഡ് നിന്നു രോഗികളെ കടത്തിവിടാൻ ബുദ്ധിമുട്ടുണ്ടെന്നും യെഡിയൂരപ്പ പറഞ്ഞു.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡയുടെ ഇടപെടൽ തേടിയിരുന്നു. മാനുഷിക പരിഗണനവച്ച് രോഗികളെ കടത്തിവിടാനുളള നടപടിയുണ്ടാവണമെന്ന് ദേവഗൗഡ യെഡിയൂരപ്പയോട് ആവശ്യപ്പെട്ടെങ്കിലും കർണാടക സർക്കാർ അനുകൂല നിടപാടെടുത്തില്ല. രോഗികളെ കടത്തിവിടാൻ ബുദ്ധിമുട്ടുണ്ടെന്ന് യെഡിയൂരപ്പ ദേവഗൗഡക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു. കാസർഗോഡ് ജില്ലയിൽ നിരവധി കോവിഡ് ബാധിതരുണ്ടെന്നതാണ് അതിർത്തി തുറക്കാതിരിക്കാനുള്ള കാരണമായി കർണാടക സർക്കാർ പറയുന്നത്.

അതിര്‍ത്തി തുറക്കണമെന്നും രോഗികളെ കടത്തിവിടണമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടതും കര്‍ണാടകം വകവച്ചില്ല. തുടര്‍ന്ന് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കര്‍ണാടകം ഹര്‍ജി നല്‍കിയെങ്കിലും കോടതി സ്റ്റേ ചെയ്തില്ല. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook