/indian-express-malayalam/media/media_files/uploads/2020/02/modi-trump-6.jpg)
ന്യൂയോർക്ക്: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ 'ഗെയിം ചെയ്ഞ്ചർ' എന്നു വിശേഷിപ്പിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ഭാഗികമായി പുനഃസ്ഥാപിച്ച ഇന്ത്യയുടെ നടപടിയിൽ നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോവിഡിനെതിരായ പോരാട്ടത്തിൽ സ്വന്തം രാജ്യത്തെ മാത്രമല്ല, മാനവികതയെ ഒന്നിച്ചാണ് നരേന്ദ്ര മോദി സഹായിച്ചതെന്ന് ട്രംപ് പറഞ്ഞു.
Extraordinary times require even closer cooperation between friends. Thank you India and the Indian people for the decision on HCQ. Will not be forgotten! Thank you Prime Minister @NarendraModi for your strong leadership in helping not just India, but humanity, in this fight!
— Donald J. Trump (@realDonaldTrump) April 8, 2020
"അസാധാരണ സമയങ്ങളിൽ സുഹൃത്തുക്കൾ തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ ആവശ്യമാണ്. ഹൈഡ്രോക്സിക്ലോറോക്വിനിന്റെ കാര്യത്തിൽ സ്വീകരിച്ച തീരുമാനത്തിന് ഇന്ത്യയ്ക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി. ഇതൊരിക്കലും മറക്കില്ല. നന്ദി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പോരാട്ടത്തിൽ, താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു," ട്രംപ് കുറിച്ചു.
മലേറിയക്കെതിരായ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയില്ലെങ്കിൽ പ്രതികാര നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം കോവിഡ്-19 ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read More: ലോക്ക്ഡൗണ്‍ കാലത്ത് മൂന്ന് ലക്ഷം അതിഥി തൊഴിലാളികൾക്ക് തണലൊരുക്കി കേരളം
"ഉത്തരവാദിത്തമുളള എല്ലാ ഭരണകൂടത്തെയും പോലെ ഞങ്ങളുടെ ജനങ്ങൾക്ക് മരുന്ന് ഉറപ്പുവരുത്തുകയാണ് ആദ്യ ലക്ഷ്യം. ഇവയുടെ ലഭ്യതയ്ക്ക് അനുസരിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുളള തീരുമാനമെടുക്കും," വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്.
കോവിഡ്-19 നെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിർദേശിച്ച മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ മാര്‍ച്ച് 25 നാണ് വിലക്കിയത്. രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തിയത്.
എന്നാൽ ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്തില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. “അത് അദ്ദേഹത്തിന്റെ (മോദി) തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇന്നലെ ഞാൻ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിർത്തിയ കാര്യം പറഞ്ഞിരുന്നു. ഞങ്ങള്‍ക്കുള്ള വിതരണത്തിന് (ഹൈഡ്രോക്സിക്ലോറോക്വിന്‍) അനുമതി നല്‍കുകയാണെങ്കില്‍ അത് പ്രശംസനീയമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അനുമതി നല്‍കിയില്ലെങ്കില്‍ കുഴപ്പമില്ല. പക്ഷെ തീര്‍ച്ചയായും ചില തിരിച്ചടികള്‍ ഉണ്ടാവും, എന്തുകൊണ്ടുണ്ടായിക്കൂട?,’ ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.