ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 122 പേരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 2415 ആയി.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 74,281 ആയി. രോഗം ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 47,480 പേരാണ്. 24,386 പേർക്ക് രോഗം ഭേദമായി. മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആശങ്കയുണർത്തുന്ന കണക്കുകൾ പുറത്തുവരുന്നത്.

രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണെങ്കിലും മരണനിരക്ക് ഏറ്റവും കൂടുതൽ ഗുജറാത്തിലാണ്. ഇവിടെ കഴിഞ്ഞ 24 മണിക്കൂറിൽ 348 പേർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചുള്ളൂ. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1230 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Read More: സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ തുറന്നു; പാഴ്‌സൽ സംവിധാനം മാത്രം

കേസുകളുടെ എണ്ണത്തിൽ തമിഴ്നാടാണ് മൂന്നാമത്. 8002 രോഗബാധിതരാണ് തമിഴ്നാട്ടിലുള്ളത്. കേസുകൾ ഏറ്റവും വേഗത്തിൽ ഇരട്ടിക്കുന്നത് ഇവിടെയാണ്. 24 മണിക്കൂറിനിടെ 798 പേരാണ് തമിഴ്നാട്ടിൽ രോഗബാധിതരായത്. രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുള്ളത് ഡൽഹിയാണ്. 24 മണിക്കൂറിൽ 13 മരണം റിപ്പോർട്ട് ചെയ്തത് രാജ്യതലസ്ഥാനത്തിന് കടുത്ത ആശങ്കയാണ്. 24 മണിക്കൂറിൽ 798 രോഗബാധിതർ കൂടുകയും ചെയ്തു.

അതേസമയം, നാലാംഘട്ട ലോക്ക്ഡൗണുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ. ഇതുവരെയുള്ള ലോക്ക്‌ഡൗണുകളിൽ നിന്നു വ്യത്യസ്തമായിരിക്കും നാലാംഘട്ട ലോക്ക്‌ഡൗണ്‍. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. ഇതേ കുറിച്ച് മേയ് 18 നു മുൻപ് ജനങ്ങളെ അറിയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഞ്ചാം തവണ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, രാജ്യത്ത് 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. പാക്കേജിന്റെ പത്ത് ശതമാനം കോവിഡ് പ്രതിരോധത്തിന്. ജിഡിപിയുടെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കർഷകർ, ചെറുകിട വ്യവസായങ്ങൾ, ഇടത്തരക്കാർ,തൊഴിലാളികൾ, മധ്യവർഗം എന്നിവർക്കാണ് പാക്കേജിന്റെ ഗുണം ലഭിക്കുക. പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി പുറത്തുവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. 4,336,895 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ് (292,369). ഇതുവരെ 1,596,521 ആളുകള്‍ രോഗമുക്തി നേടി. കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,489 പേർ മരിച്ചപ്പോള്‍ 22,239 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതുവരെ 83,368 പേരാണ് അമേരിക്കയില്‍ മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook