ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം അരലക്ഷത്തിനടുത്തെത്തി. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 49,310 പേർക്ക്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്. 24 മണിക്കൂറിനിടെ രാജ്യത്ത് 740 പേർ കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,87,945 ആയി ഉയർന്നു. ആകെ മരണസംഖ്യ 30,601 ആയി. 4,40,135 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 8,17,209 പേർ രോഗമുക്തി നേടി. ഇന്നലെമാത്രം രാജ്യത്ത് 3,52,801 സാംപിളുകൾ പരിശോധിച്ചു.
Read Also: സ്വർണക്കടത്ത് കേസ്: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഇന്നു കെെമാറിയേക്കും
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനം മഹാരാഷ്‌ട്രയാണ്. സംസ്ഥാനത്ത് ഇതുവരെ 3,47,502 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 12,854. തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 1,92,964 ആയി, മരണം 3,232. ഡൽഹിയിൽ ഇതുവരെ 1,27,364 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,745 പേർ മരിച്ചു.
കേരളത്തിൽ ചികിത്സയിൽ 9,458 പേർ
സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 16,110 ആയി. 9,458 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 1,58,117 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 9,354 പേർ ആശുപത്രികളിലാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 1,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നു.