ന്യൂഡൽഹി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ 1.7 ലക്ഷം കോടിയുടെ രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മൂന്ന് മാസത്തേക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നതടതടക്കമുള്ള പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച പാക്കേജിന്റെ ഭാഗമായി നടപ്പാക്കുക. ആർക്കൊക്കെയാണ്  പ്രയോജനം ലഭിക്കുക, എന്തൊക്കെയാണ് പാക്കേജിലെ പ്രധാന നിർദേശങ്ങൾ എന്നിവ പരിശോധിക്കാം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്  അഞ്ച് കിലോ ഭക്ഷ്യധാന്യം

രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 80 കോടി ആളുകൾക്ക് പ്രതിമാസം അഞ്ച് കിലോ വീതം അരി, അല്ലെങ്കിൽ ഗോതമ്പ് സൗജന്യമായി ലഭിക്കും. ഇതിനൊപ്പം പയർ വർഗങ്ങളിൽ എതെങ്കിലും ഒരു കിലോ വീതം നൽകും. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അഞ്ച് കിലോ ഭക്ഷ്യധാന്യത്തിന് പുറമേയാണിത്. രാജ്യത്തെ ജനസംഖ്യയിൽ മൂന്നിൽ രണ്ടുപേർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് കീഴിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുക.

എട്ട് കോടി കുടുംബങ്ങൾക്ക് സൗജന്യ പാചകവാതകം

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എട്ട് കോടി കുടുംബങ്ങൾക്ക് അടുത്ത മൂന്നുമാസത്തേക്ക് സൗജന്യ പാചക വാതക സിലിണ്ടർ ലഭ്യമാക്കും. ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്കാണ് ഈ സഹായം ലഭിക്കുക.

ഫോട്ടോ: പ്രശാന്ത് നാദ്കർ

20 കോടി വനിതകൾക്ക് 500 രൂപ വീതം

ജൻ ധൻ അക്കൗണ്ട് ഉടമകളായ 20 കോടി സ്ത്രീകള്‍ക്ക് 500 രൂപ വീതം ധനസഹായം അനുവദിക്കും. എക്സ് ഗ്രേഷ്യ ഇനത്തിൽ ഒറ്റത്തവണത്തെ സമാശ്വാസ തുകയായാണ് ഇത് നൽകുക.

നിർമാണ തൊഴിലാളികൾക്ക്

3.5 കോടി നിർമാണത്തൊഴിലാളികൾ രാജ്യത്തുള്ളതായാണ് ഔദ്യോഗിക കണക്ക്. ഇവർക്ക് നിർമാണത്തൊഴിലാളി നിയമത്തിന്റെ പരിധിയിലുള്ള ഫണ്ടുകളിൽനിന്ന് പണം ലഭ്യമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകും. 31,000 കോടി രൂപയാണ് ഈ ഫണ്ടുകളിലുള്ളത്. ഈ തുകയിൽനിന്ന് നിർമാണ തൊഴിലാളികൾക്ക് സഹായം അനുവദിക്കുന്നതിനായി പണം കണ്ടെത്താമെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇപിഎഫ് തുക സർക്കാർ അടയ്ക്കും, ഏതൊക്കെ സ്ഥാപനങ്ങളിൽ?

കോവിഡ് പ്രതിരോധ പാക്കേജിന്റെ ഭാഗമായി സംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന സ്പഥാപനങ്ങളിലെ ഇപിഎഫ് നിക്ഷേപ തുക മൂന്നു മാസത്തേക്ക് സർക്കാർ അടയ്ക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളും ഈ പ്രഖ്യാപനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല.

സംഘടിത മേഖലയിൽ 100ൽ കുറവ് തൊഴിലാളികളുള്ളതും അതിൽ 90 ശതമാനം പേരും 15,000 രൂപയിൽ കുറവ് പ്രതിമാസ വേതനം ലഭിക്കുന്നവരുമായ സ്ഥാപനങ്ങളിൽ നിന്നുള്ള ഇപിഎഫ് വിഹിതമാണ് സർക്കാർ അടയ്ക്കുക. പ്രതിമാസ ശമ്പളത്തിന്റെ 24 ശതമാനമാണ് (  തൊഴിലാളിയും തൊഴിലുടമയും 12 ശതമാനം വീതം ) പിഎഫിൽ  നിക്ഷേപിക്കേണ്ട തുക. ഈ തുകയാണ് മൂന്നു മാസത്തേക്ക് കേന്ദ്ര സർക്കാർ അടയ്ക്കുക.

Read More: റെയില്‍വേ തീവണ്ടി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നു

പിഎഫ് നിക്ഷേപത്തിൽ നിന്ന് എത്ര പണം പിൻവലിക്കാം

കോവിഡിന്റെ പശ്ചാത്തലത്തിൽ പിഎഫ് നിക്ഷേപത്തിൽ നിന്ന് ആകെ നിക്ഷേപത്തിന്റെ 75 ശതമാനം വരെ പിൻവലിക്കാവുന്ന തരത്തിൽ നിയമ ഭേഗഗതി കൊണ്ടുവരുമെന്നാണ് ധനമന്ത്രി അറിയിച്ചത്. എന്നാൽ നിക്ഷേപത്തിന്റെ 75 ശതമാനം എന്നത് മൂന്ന് മാസത്തെ ശമ്പളത്തിലും കൂടുതലാണെങ്കിൽ ഇത് സാധ്യമല്ല. അത്തരം സാഹചര്യങ്ങളിൽ, മൂന്നു മാസത്തെ ശമ്പളം എത്രയാണോ അത്രയും തുക വരെ പിഎഫിൽ നിന്ന് പിൻവലിക്കാം.

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ 20 ലക്ഷം രൂപ വരെ

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നൽകും. നേരത്തേ 10 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് ഈടില്ലാതെ നൽകിയിരുന്നത്. 63 ലക്ഷം സ്വയം സഹായ സംഘങ്ങളിലായുള്ള ഏഴ് കോടി വനിതകൾക്കും അവരുടെ കുടുംബങ്ങൾക്കും പദ്ധതിയുടെ ഗുണഫലം ലഭ്യമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രായമായവർക്ക് 1000 രൂപ

60 വയസ്സിൽ കൂടുതൽ പ്രായമായവർ, വിധവകൾ, ശാരീരിക വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് 1000 രൂപ വീതം ധനസഹായം നൽകും. മൂന്നു മാസത്തിനിടെ രണ്ടു തവണകളായാണ് ഈ തുക നൽകുക. മൂന്നു കോടി പേർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.

തൊഴിലുറപ്പ് വേതനം വർധിക്കും

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രതിദിന വേതനം 202 രൂപയാക്കും. നേരത്തേ ഇത് 182 രൂപയായിരുന്നു. പദ്ധതി പ്രകാരം 100 ദിവസമാണ് തൊഴിൽ ലഭിക്കുക. വേതനം വർധിപ്പിച്ചതോടെ തൊഴിലുറപ്പ് പ്രകാരം ജോലിക്ക് പോവുന്ന ഒരാൾക്ക് 2000 രൂപയാണ് 100 ദിവസ കാലാവധിയിൽ അധികമായി ലഭിക്കുക. അഞ്ച് കോടി ആളുകൾക്ക് വേതന വർധനവ് പ്രയോജനപ്പെടും.

ആരോഗ്യ പ്രവർത്തകർക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

പൊതുമേഖലയിലെ ആരോഗ്യ പ്രവർത്തകർക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയിൽ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികൾ, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവർ ഉൾപ്പെടുന്നു. ഇവര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ലഭിക്കുക. 20 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും.

കർഷകർക്ക് ധനസഹായം ഏപ്രിൽ ആദ്യവാരം

2000 രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തിൽ കർഷകർക്ക് ലഭിക്കുക. അടുത്തമാസം ആദ്യവാരം തുക കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കെെമാറും. പ്രധാനമന്ത്രി കിസാൻ വികാസ് യോജന പ്രകാരമാണ് തുക നൽകുന്നത്. 8.69 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ധനമന്ത്രി മുൻപ് പ്രഖ്യാപിച്ചത്

കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്തെ സാമ്പത്തിക മേഖലയെ ലക്ഷ്യംവച്ചുള്ള നടപടികളാണ് ധനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. എടിഎം ഇടപാടുകൾ സൗജന്യമാക്കുന്നതും സേവിങ്സ് ബാാങ്ക് അക്കൗണ്ടുകളിൽ കുറഞ്ഞ ബാലൻസ് പരിധി ഒഴിവാക്കുന്നതുമടക്കമുള്ള തീരുമാനങ്ങൾ ഇതിലുൾപ്പെടുന്നു.

2018-2019 ലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയിരുന്നു. വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ നിരക്ക് 12 ശതമാനത്തില്‍നിന്ന് ഒന്‍പതായി കുറയ്ക്കുകയും ചെയ്തു.

മാര്‍ച്ച്-മേയ് കാലത്തെ ജിഎസ്‌ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. ചെറു കമ്പനികള്‍ ജിഎസ്‌ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതു വൈകിയാല്‍ അധിക ഫീസോ പിഴയോ പലിശയോ ഈടാക്കില്ല. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ സര്‍ക്കാര്‍ നീട്ടുകയും ചെയ്തിരുന്നു.

Read in English: Sitharaman unveils Rs 1.7 lakh crore lockdown package for poor: Top announcements today

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook