തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡൽഹി: രാജ്യത്ത് കോവിഡ് -19 രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുപ്രധാന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് 4.30 മുതല്‍ രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിക്കുന്ന പ്രധാനമന്ത്രി ആറു മണിക്കു രാജ്യത്തെ മുന്‍നിര മരുന്നുനിര്‍മാണ കമ്പനികളുമായും സംസാരിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഈ യോഗവും.
അതിനിടെ, ഇന്ത്യയില്‍ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ സന്ദര്‍ശനം റദ്ദാക്കി. ഏപ്രില്‍ 25,26 തിയതികളിലാണ് അദ്ദേഹം ഇന്ത്യയിലെത്താനിരുന്നത്. പകരം ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 78.58 ശതമാനവും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന് എന്നിവ ഉള്‍പ്പെടുന്ന 10 സംസ്ഥാനങ്ങളിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണു പട്ടികയിലുള്ള മറ്റു സംസ്ഥാനങ്ങള്‍.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ ഓക്സിജന്റെ ആവശ്യകത കൂടുതലാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്ഗവപറഞ്ഞു. ഇത്തവണ രോഗലക്ഷണങ്ങളുടെ കാഠിന്യം വളരെ കുറവാണ്. ‘രോഗലക്ഷണങ്ങള്‍ നോക്കിയാല്‍ തീവ്രത വളരെ കുറവാണ്. ഈ തരംഗത്തില്‍, ശ്വാസതടസമുള്ള കൂടുതല്‍ കേസുകള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു, വരണ്ട ചുമ, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതലാണ്. ഈ തരംഗത്തില്‍ ഓക്സിജന്റെ ആവശ്യകത ഉയര്‍ന്നതാണ്. ഞങ്ങളുടെ ഡോറ്റ പ്രകാരം, മരണത്തിന്റെ ശതമാനത്തില്‍ ആദ്യത്തെ തരംഗവും രണ്ടാമത്തെ തരംഗവും തമ്മില്‍ വ്യത്യാസമില്ല,” ഡോ. ഭാര്‍ഗവ പറഞ്ഞു.
കോവിഡ് നിയന്ത്രണാതീതം; ഡല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ
ഡല്‍ഹിയില്‍ അടുത്ത തിങ്കളാഴ്ച വരെ കര്‍ഫ്യു പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അവശ്യ സര്‍വ്വീസുകളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും.
ഇന്നലെ ഡല്‍ഹിയില്‍ 25,462 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തോളമാണ്. ഡല്‍ഹിയില്‍ ഓക്സിജന്റെ ക്ഷാമം ഉള്ളതായി കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.73 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. 1,619 മരണമാണ് ഞായറാഴ്ച സംഭവിച്ചത്. മഹാമാരിയില്‍ ജീവന് നഷ്ടമായവര്‍ 1.78 ലക്ഷമായി ഉയര്‍ന്നു.
പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
തിരുവനന്തപുരം: പിഎസ്സി നാളെ മുതൽ നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് തീരുമാനിക്കും.
കൂട്ടപ്പരിശോധനയുടെ ഫലങ്ങള്‍ ഇന്ന് മുതല്‍
സംസ്ഥാനത്ത് കോവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്നറിയാം. ഫലം പുറത്തു വരുന്നതോടെ രോഗികളുടെ എണ്ണം ഇനിയും വലിയ തോതിൽ ഉയർന്നേക്കാം. സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുകയാണ് സര്‍ക്കാര്‍. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സിഎഫ്എൽടിസികള്‍ സജ്ജമാക്കുന്നുണ്ട് . സ്വകാര്യ ആശുപത്രികളോട് 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി മാറ്റിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശവും ആരോഗ്യ വകുപ്പ് പുതുക്കിയിട്ടുണ്ട്. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്

അതിര്‍ത്തികളില്‍ കര്‍ശനപരിശോധന
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെ അതിര്‍ത്തികള്‍ അടച്ചിടും. അവശ്യ സര്‍വ്വീസുകള്‍ മാത്രമായിരിക്കും ഈ സമയത്ത് അനുവദിക്കുക. കേരള അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസുകാരെ നിയമിക്കുവാനും തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് ഇ-പാസ് തമിഴ്നാട് നിര്‍ബന്ധമാക്കിയിരുന്നു.