ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 693 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടത് 32 പേർക്കാണ്. കോവിഡ് ബാധിച്ച് മരിച്ചവരിൽ 63 ശതമാനം ആളുകളും അറുപത് വയസ്സിനു മുകളിലുള്ളവരാണ്. യുവാക്കളിൽ രോഗബാധ വർധിക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
Read Also: Kerala Weather: നാളെ കേരളത്തിലെ മുഴുവൻ ജില്ലകളിലും നേരിയ മഴ
രാജ്യത്ത് കോവിഡ് ബാധിച്ച ആകെയുള്ളവരിൽ 1,495 പേരും നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനവുമായി ബന്ധമുള്ളവരാണ്. കഴിഞ്ഞ 24 മണിക്കൂറിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചതും മരണം സ്ഥിരീകരിച്ചതും. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,067 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 109 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്താകമാനം 274 ജില്ലകളിലാണ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത പോസീറ്റിവ് കേസുകളിൽ 80 ശതമാനവും 62 ജില്ലകളിൽ നിന്ന് മാത്രമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Read Also:കോവിഡ്-19: പ്രധാനമന്ത്രി അടക്കമുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ചു
അതേസമയം, ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 70,000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 12.5 ലക്ഷം കടന്നു. ഇറ്റലിയിലും അമേരിക്കയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കോവിഡ്-19 രോഗ ലക്ഷണങ്ങള്‍ ഭേദമാകാത്ത സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റി. മാര്‍ച്ച് 27-ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച അദ്ദേഹത്തിന് പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കഠിനമായി. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി സ്വയം ഐസോലേഷനിലേക്ക് മാറിയിരുന്നു. എങ്കിലും ഭരണത്തിന്റെ ചുമതല അദ്ദേഹത്തിന് തന്നെയായിരുന്നു. എന്നാൽ ബോറിസ് ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് കൊറോണ അവലോകന യോഗങ്ങളുടെ ഉൾപ്പടെ അധ്യക്ഷത വഹിക്കും.