ന്യൂഡൽഹി: കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2334 ആയി. മുംബെെയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. മുംബെെയിൽ മാത്രം ഇതുവരെ 1549 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് കഴിഞ്ഞ രണ്ട് ആഴ്ചയായി 25 ജില്ലകളിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിലാണ് കഴിഞ്ഞ രണ്ട് ആഴ്ചയായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്. ഇന്ന് മാത്രം 905 പുതിയ കേസുകൾ സ്ഥിരീകരിച്ചെന്നും 24 മണിക്കൂറിനിടെ 51 പേർ മരിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9,352 ആയി. ഇന്ത്യയിൽ ഇതുവരെ 324 പേർ കോവിഡ് ബാധിച്ച് മരിച്ചു.
Read Also: കോവിഡ്-19: സൗജന്യ ഭക്ഷണ വിതരണവുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികൾ; ക്രൗഡ് ഫണ്ടിങ് വഴി സംഭാവന നൽകാം
തമിഴ്നാട്ടിലും സ്ഥിതി അതീവ ഗുരുതരമാണ്. ഇതുവരെ 1,173 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ചെന്നെെയിലെ കോവിഡ് ബാധിതരുടെ എണ്ണം 200 കടന്നു. 17 ജില്ലകളെ റെഡ് സോണായി കണക്കാക്കി. ഇവിടെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകും. സംസ്ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ ഏപ്രിൽ 30 വരെ തുടരാൻ ധാരണയായിട്ടുണ്ട്.
കോവിഡ്-19 വൈറസ് വ്യാപനത്തെ ചെറുക്കാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതു നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. ഏതെല്ലാം മേഖലകളിൽ ഇളവുകൾ ഉണ്ടാകുമെന്ന് നാളെ അറിയാം.
അതേസമയം, സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ രണ്ട് പേർക്കും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 378 പേർക്കാണ്. 178 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 1,12,183 പേരാണ്. ഇതിൽ 1,11,468 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രികളിൽ ഉള്ളത് 715 പേരാണ്. 86 പേരെ ഇന്ന് ആശുപത്രികളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 15,683 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 14,829 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.