എറണാകുളം: കോവിഡ് വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. എറണാകുളം ഉൾപ്പടെയുള്ള അഞ്ച് റീജിയണുകളിലേക്കായി എത്തിയ 1.75 ലക്ഷം ഡോസ് വാക്സിനിൽ ജില്ലയ്ക്ക് ലഭിച്ചത് 30,000 ഡോസ് വാക്സിനാണ്. ഇതുപയോഗിച്ച് ഏപ്രിൽ 20 ചൊവ്വാഴ്ച മുതൽ വാക്സിനേഷൻ പുനരാരംഭിക്കുമെന്ന് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. ശിവദാസ് പറഞ്ഞു. മെഗാ വാക്സിനേഷൻ ക്യാമ്പുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ വാക്സിൻ വിതരണത്തിനാണ് മുൻഗണന.
ആകെ എത്തിയ വാക്സിനുകളിൽ 60000 ഡോസാണ് ജില്ല ആവശ്യപ്പെട്ടിരുന്നത്. ആവശ്യാനുസരണം കൂടുതൽ ഡോസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷൻ വിപുലമാക്കും.
ജില്ലയിലെത്തിയ വാക്സിനുകൾ ജനറൽ ആശുപത്രിയിലെ റീജിയണൽ വാക്സിൻ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് അതാത് വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. 45 വയസിനു മേൽ പ്രായമുള്ളവർക്ക് തിരിച്ചറിയൽ രേഖയുമായി വാക്സിൻ വിതരണ കേന്ദ്രത്തിലെത്തി വാക്സിൻ എടുക്കാം
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്‌സിന്‍ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരിക്കണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയ ഉടന്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും നിർദേശങ്ങളിൽ പറയുന്നു.
ഏഴ് ജില്ലകളിൽ ആയിരത്തിലധികം പുതിയ രോഗബാധകൾ; എറണാകുളത്തും കോഴിക്കോട്ടും രണ്ടായിരത്തിലധികം
സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 16,762 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1159 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77 ആണ്. 4565 പേർ രോഗമുക്തി നേടി.
എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 2835 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലും ഇന്ന് രണ്ടായിരത്തിലധികമാണ് രോഗബാധകളുടെ എണ്ണം. 2560 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. തൃശൂര്‍ (1780), കോട്ടയം (1703), മലപ്പുറം (1677), കണ്ണൂര്‍ (1451), പാലക്കാട് (1077) ജില്ലകളിൽ ആയിരത്തിലധികമാണ് പുതിയ രോഗബാധകൾ.
Read More: 18,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് അഞ്ഞൂറിലധികം കോവിഡ് രോഗബാധകൾ സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,000ന് മുകളിലാണ്. എറണാകുളത്ത് 14,472 പേരും കോഴിക്കോട് ജില്ലയിൽ 13,389 പേരും ചികിത്സയിൽ കഴിയുന്നു.
കേരളത്തിലെ വിവിധ സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് വൈസ് ചാൻസലർമാർക്ക് ഗവർണറുടെ നിർദേശമുണ്ടായിരുന്നു. ഇതേ തുടർന്ന് കാലിക്കറ്റ്, എം.ജി, കണ്ണൂർ, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകൾ നാളെ മുതൽ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കും.
ആരോഗ്യ മന്ത്രി അടിയന്തര യോഗം വിളിച്ചു; ആലുവ ജില്ലാ ആശുപത്രിയില്‍ 100 ഐസിയു കിടക്കകള്‍
തിരുവനന്തപുരം: കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എറണാകുളം ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ആലുവ ജില്ലാ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്ക് 100 ഐ.സി.യു. കിടക്കകള്‍ അടുത്തയാഴ്ച പൂര്‍ണസജ്ജമാക്കും. ഫോര്‍ട്ട് കൊച്ചി താലൂക്കാശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റും. കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിനെ പൂര്‍ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഒരാഴ്ച കൊണ്ട് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കും. സര്‍ക്കാര്‍ മേഖലയില്‍ 1000 ഓക്‌സിജന്‍ കിടക്കകള്‍ തയ്യാറാക്കും. ഇതോടൊപ്പം ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തും. ആശുപത്രികളില്‍ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാനും നിര്‍ദേശം നല്‍കി.
ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അമിത് ഷാ; കേസുകൾ രണ്ടര ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷവും കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 2,61,500 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1501 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു. എന്നാൽ ഇനിയും ഒരു ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിലയിരുത്തല്‍.
ജനിതകമാറ്റം വന്ന വൈറസിന്റെ നിരവധി സാംപിളുകള്‍ കണ്ടെത്തിയതാാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി. പ്രതിദിന കോവിഡ് കേസുകള്‍ക്കൊപ്പം തന്നെ മരണനിരക്കും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.
രാജ്യത്തെ കോവിഡ് സാഹചര്യം ഈ വിധത്തില്‍ രൂക്ഷമാകുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരം, പൊതുവിതരണം, വാര്‍ത്താ വിതരണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോമിനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ക്യാബിനുള്ള ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.