ന്യൂഡൽഹി: കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ സാധിക്കാതെ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 17,296 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുത്തു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,90,401 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1,89,463 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. 2,85,637 പേർ ഇതുവരെ കോവിഡ് മുക്തരായി.
Read Also: ഇടിമിന്നലിൽ വിറച്ച് ബിഹാറും ഉത്തർപ്രദേശും; മരണം നൂറ് കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 407 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 15,000 കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 15,301 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓഗസ്റ്റ് 12 വരെയുള്ള സാധാരണ മെയിൽ, എക്‌സ്‌പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിൻ സർവീസുകൾ റെയിൽവെ റദ്ദാക്കി. ജൂലൈ ഒന്നിനും ഓഗസ്റ്റ് 12 നും ഇടയ്ക്കുള്ള സമയപരിധിയിലുള്ള ട്രെയിനുകൾക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളും റദ്ദാക്കിയതായി റെയിൽവേ ബോർഡ് ഉത്തരവിൽ പറയുന്നു. യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായും തിരികെ നൽകുമെന്നും റെയിൽവേ വ്യക്തമാക്കി.
Read Also: ബസ് ചാർജ് വർധന ഉടൻ; മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ
അതേസമയം, മെയ് 12 മുതൽ രാജധാനി ട്രെയിനുകളുടെ റൂട്ടുകളിൽ സർവീസ് നടത്തുന്ന 15 ജോഡി (30) ട്രെയിനുകളും ജൂൺ 1 മുതൽ സർവീസ് നടത്തുന്ന 100 ജോഡി ട്രെയിനുകളും സർവീസ് തുടരും. മുംബൈയിൽ അവശ്യ സേവന ജീവനക്കാർക്കുവേണ്ടി ആരംഭിച്ച പ്രത്യേക സബർബൻ സർവീസുകളും തുടർന്നു പ്രവർത്തിക്കും.