മുംബെെ: കോവിഡ് ബാധിച്ച യുവാവ് ഭയം നിമിത്തം ആത്മഹത്യ ചെയ്‌തു. മഹാരാഷ്ട്രയിലാണ് സംഭവം. അസമിൽ നിന്നു എത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഇയാൾ. കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനു പിന്നാലെയാണ് മൊഹമ്മദ് സഹറുൾ ഇസ്‌ലാം ഹസൻ അലി എന്ന യുവാവ് ആശുപത്രിയിൽവച്ച് ആത്മഹത്യ ചെയ്‌തത്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിലെ അകോല ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ആത്മഹത്യ. കോവിഡ് ബാധിതർക്കുള്ള ഐസൊലേഷൻ വാർഡിലെ ബാത്‌റൂമിനുള്ളിലാണ് ഇയാളെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ ഏഴിനാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് മൊഹമ്മദ് ആശുപത്രിയിൽ എത്തിയത്. ഇയാളുടെ സ്രവസാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇന്നലെ ഫലം വന്നപ്പോൾ കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞു.

Read Also: കോവിഡ്-19: രോഗമുക്തയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി

ഇന്നു രാവിലെയാണ് കഴുത്തിൽ സാരമായ മുറിവേറ്റ നിലയിൽ മൊഹമ്മദിനെ കണ്ടെത്തുന്നത്. ആശുപത്രിയിലെ ബാത്‌റൂമിനുള്ളിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടനെ തന്നെ മൊഹമ്മദിനെ ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാത്‌റൂം വിൻഡോയിലെ ചില്ല് ഉപയോഗിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്‌തതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, കോവിഡ് വ്യാപനം പ്രതിരോധിക്കാൻ രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ തുടരുകയാണ്. ഏപ്രിൽ 14 നു അവസാനിക്കേണ്ട ലോക്ക്ഡൗൺ ഇനിയും നീട്ടാനാണ് സാധ്യത കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമെടുത്തതായാണ് സൂചന. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇന്നലെ ഒറ്റ ദിവസംകൊണ്ട് ഉണ്ടായത്. വെള്ളിയാഴ്ച മാത്രം 896 പേർക്കാണ് രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം ഏഴായിരത്തിലേക്ക് അടുത്തു. 37 പേരാണ് ഇന്നലെ കോവിഡ്-19 ബാധ മൂലം മരിച്ചത്, മരണസംഖ്യ 200 കടക്കുകയും ചെയ്തു. അതേസമയം സമൂഹവ്യാപനമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook