scorecardresearch
Latest News

ഞാനെന്തിനു മാസ്‌ക് ധരിക്കണം; വിവാദമായി ട്രംപിന്റെ പ്രസ്‌താവന

തന്റെ ഭരണകൂടം മാസ്‌ക് ധരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാൽ, താൻ അത് ധരിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു

ഞാനെന്തിനു മാസ്‌ക് ധരിക്കണം; വിവാദമായി ട്രംപിന്റെ പ്രസ്‌താവന

വാഷിങ്‌ടൺ: കോവിഡ്-19 വെെറസ് വ്യാപനത്തെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലും സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടനയടക്കം നിർദേശം നൽകുമ്പോഴും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അയഞ്ഞ നിലപാട്. താൻ മാസ്‌ക് ധരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞത് വിവാദമായിരിക്കുകയാണ്.

Read Also: Horoscope Today April 04, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കോവിഡ് വെെറസ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ് അമേരിക്കയിൽ. മരണസംഖ്യ അതിവേഗം ഉയരുന്നു. ഇങ്ങനെയൊരു ഗുരുതര സാഹചര്യത്തിലാണ് “നിങ്ങൾ മാസ്‌ക് ധരിച്ചോളൂ, ഞാൻ ധരിക്കില്ല” എന്ന വിവാദ പ്രസ്‌താവനയുമായി ട്രംപ് രംഗത്തെത്തിയത്. തന്റെ ഭരണകൂടം മാസ്‌ക് ധരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാൽ, താൻ അത് ധരിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം ധരിക്കണമെന്നും ട്രംപിന്റെ ഭാര്യ മെലാനിയ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. എന്നാൽ, അതൊന്നും അനുസരിക്കാൻ ട്രംപ് തയ്യാറല്ല.

അതേസമയം, അമേരിക്കയിൽ സ്ഥിതി അതിരൂക്ഷമായിരിക്കുകയാണ്. കോവിഡ്-19 ബാധിച്ച് അമേരിക്കയിൽ മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ അമേരിക്ക മറ്റ് രാജ്യങ്ങളെ പിന്നിലാക്കി. വ്യാഴാഴ്‌ച രാത്രി 8.30 മുതൽ വെള്ളി രാത്രി 8.30 വരെയുള്ള 24 മണിക്കൂറിനിടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത് 1,480 പേരാണ്. കോവിഡ് വെെറസ് ബാധ പടരാൻ തുടങ്ങിയ ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയും ജീവനുകൾ പൊലിയുന്നത്. ജോൺ ഹോപ്‌കിൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,406 ആയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ക്രമാതീതമായി മരണസംഖ്യ ഉയരുമ്പോൾ ആശങ്കയിലാണ് രാജ്യം. ദിനംപ്രതി മരണസംഖ്യ വർധിക്കുന്നത് ട്രംപ് ഭരണകൂടത്തെ ആശങ്കയിലാഴ്‌ത്തുന്നു.

Read Also: കോവിഡ്-19: വ്യായാമത്തിനിറങ്ങിയ സ്ത്രീകളടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തു

വരുന്ന രണ്ട് ആഴ്‌ചക്കാലം ഏറ്റവും വിഷമകരമായ സമയമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ട്രംപ് നിർദേശിച്ചിരുന്നു. അതേസമയം, വെെറ്റ് ഹൗസ് വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ ഭയപ്പെടുത്തുന്നതാണ്. അമേരിക്കയിൽ കോവിഡ് ബാധിച്ച് ചുരുങ്ങിയത് ഒരു ലക്ഷം പേർ മരിക്കാൻ സാധ്യതയുള്ളതായി വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതായി ന്യൂയോർക് ടെെംസ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മരണസംഖ്യ 2,40,000 വരെ ആകാനുള്ള സാധ്യതയുണ്ടെന്നും വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് ആരോഗ്യവിദഗ്‌ധരും അറിയിക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Coronavirus covid 19 i am not going to wear mask says trump