വാഷിങ്ടൺ: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും അനുദിനം വർധിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 1,274,199 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 69,468 ആയി. 24 മണിക്കൂറിനിടെ ലോകത്ത് 4,734 പേർക്ക് ജീവന് നഷ്ടപ്പെട്ടു. ലോകത്താകമാനം 71,000ലേറെപ്പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതുവരെ രോഗമുക്തി നേടിയത് 264,833 പേരാണ്. അമേരിക്കയാണ് രോഗബാധയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 3,36,673 പേര്‍ക്കാണ് ഇവിടെ രോഗബാധയുള്ളത്. അമേരിക്കയില്‍ 25,316 കോവിഡ് കേസുകളാണ് പുതിയതായി രേഖപ്പെടുത്തിയത്. ന്യൂയോര്‍ക്കില്‍ 1,23,018 പേര്‍ക്ക് രോഗം ബാധിച്ചത് അമേരിക്കയുടെ ആശങ്കയേറ്റുന്നുണ്ട്. ന്യൂജഴ്സിയില്‍ 37,505 പേര്‍ക്കും രോഗം ബാധിച്ചു.
ബ്രിട്ടനിലും, ഫ്രാന്‍സിലും, സ്പെയിനിലും, ഇറ്റലിയിലുമെല്ലാം മരണസംഖ്യയും വൈറസ് ബാധിതരുടെ എണ്ണവും അനിയന്ത്രിതമായി ഉയരുകയാണ്. സ്പെയിനില്‍ 1,31,646ലാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതില്‍ 12,641 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 694 പേരാണ് ഇവിടെ 24 മണിക്കൂറിനിടെ മരണത്തിനു കീഴടങ്ങിയത്. 5,478 പേര്‍ക്കാണ് ഏറ്റവും പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
Read Also: അനുഗ്രഹപൂർവ്വമുള്ള ആ തലോടൽ ഇപ്പോഴുമുണ്ട് കവിളത്ത്; അർജുനൻ മാഷിനെ ഓർത്ത് ബിജിബാൽ
കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ 621 പേര് മരണത്തിനു കീഴടങ്ങി. 47,806 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധയുള്ളത്. ഫ്രാന്‍സില്‍ രോഗം ബാധിച്ചവര്‍ 92,839 ആയി. മരണസംഖ്യ 2,886 ഉയരുകയും ചെയ്തു. 24 മണിക്കൂറിനിടെ 518 പേര് മരിച്ചു.
അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ്-19 രോഗലക്ഷണങ്ങൾ മാറാത്ത സാഹചര്യത്തിലാണ് നടപടി. പനിയുൾപ്പടെ കടുത്തതോടെയാണ് രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
മാർച്ച് 27നാണ് ബോറിസ് ജോൺസണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഐസൊലേഷനിൽ പോയ പ്രധാനമന്ത്രി തന്നെയാണ് ഭരണച്ചുമതല വഹിച്ചത്. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതോടെ വിദേശകാര്യ സെക്രട്ടറി കൊറോണ അവലോകന യോഗങ്ങളുടെ ഉൾപ്പടെ അധ്യക്ഷത വഹിക്കും.
ഇറ്റലിയില്‍ രോഗ ബാധയെത്തുടര്‍ന്ന് 525 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്ത് 4,316 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇവിടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1,28,948 ആയി ഉയര്‍ന്നു. ബ്രിട്ടനിലും സ്ഥിഗതികള്‍ വ്യത്യസ്തമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ഇന്ത്യയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 4,067 ആയി. ഭോപ്പാലിലെ ആദ്യ മരണമടക്കം 109 മരണങ്ങൾ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 80 ശതമാനവും ഇന്ത്യയിലുടനീളമുള്ള 62 ജില്ലകളിൽ നിന്നാണ്. ഏപ്രിൽ 14 ന് രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിച്ചാലും ഈ ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ ഉന്നത വൃത്തങ്ങൾ അറിയിച്ചു.