വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 95,694 ആയി. 1,603,168 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 356,440. അമേരിക്കയില്‍ വ്യാഴാഴ്ച മാത്രം 1,900 പേരാണ് മരിച്ചത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയതും അമേരിക്കയിലാണ്.

ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ ആകെ എണ്ണം 16,691 ആയി. ഇന്നലെ മാത്രം 33,536 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 468,566 പേര്‍ക്ക് രോഗം പിടിപെട്ടു. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണം. വ്യാഴാഴ്ച 799 പേരാണ് മരിച്ചത്. പുതുതായി 10,333 പേര്‍ക്ക് രോഗം കണ്ടെത്തുകയും ചെയ്തു.

അമേരിക്ക കഴിഞ്ഞാല്‍ ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ മരണം ഇന്നലെ ഉണ്ടായത്. അമേരിക്കയിൽ പത്തിൽ ഒരാൾക്ക് ജോലി നഷ്ടപ്പെടുന്നതായാണ് കണക്കുകൾ.

ഫ്രാന്‍സില്‍ 1,341 പേരാണ് മരിച്ചത്. ഇതുവരെ 12,210 പേര്‍ ആകെ മരണപ്പെട്ടു. 4,799 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 117,749 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ സ്പെയിനില്‍ 655 ഉം ഇറ്റലിയില്‍ 610 പേരും മരിച്ചു. ബ്രിട്ടനില്‍ മരണസംഖ്യ 7978 ആയി. അതേസമയം ആരോഗ്യസ്ഥിതി ഭേദമായതിനെ തുടര്‍ന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഐസിയുവില്‍ നിന്ന് മാറ്റി. എന്നാല്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 6,412 ആയി. ആകെ മരിച്ചത് 199 പേര്‍. ഇന്നലെ 520 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,30,000 സാമ്പിൾ പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്. ഇത് കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. അതിന് ശേഷം രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് സൂചന. ലോക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മന്ത്രിതല സമിതിയുടെ യോഗം ഇന്ന് ചേര്‍ന്നേക്കും. രണ്ട് ദിവസത്തിനകം ലോക് ഡൗണ്‍ നീട്ടുന്നകാര്യത്തിൽ തീരുമാനം ഉണ്ടാകും.

വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ സ്ഥിതി ഏറെക്കുറെ ശാന്തമാണ്. ഇന്നലെ രണ്ടു പേര്‍ മരിച്ചു. പുതുതായി 63 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook