വാഷിങ്ടൺ: ലോകത്ത് ആശങ്ക സൃഷ്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്. ആഗോളതലത്തിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,357 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,26,14,260 ആയി ഉയർന്നു. മരണ സംഖ്യ 5,61,980 ആയി.

കണക്കുകൾ പ്രകാരം, ലോകത്തുടനീളം 73,19,442 പേർ ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവിൽ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ഇതിൽ 59,000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 33 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 32,91,387 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. 71,368 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് ബാധിച്ചത്. രോഗത്തേത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 1,36,652 ആയി. 14,54,924 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് ബ്രസീലിലാണ്. 24 മണിക്കൂറിനുള്ളിൽ 1300 ഓളം പേർ മരിച്ചു. 45000 ത്തിലേറേ പേർക്ക് കോവിഡ് പിടിപെട്ടു. ഇതോടെ ആകെ മരണം 70,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷവും പിന്നിട്ടു. ഏറ്റവുമധികം കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.

സൗത്ത് ആഫ്രിക്കയിൽ 12,000ത്തിലേറെ പുതിയ രോഗികളുണ്ട്. ആകെ രോഗബാധിതർ രണ്ടര ലക്ഷം കടന്നു. റഷ്യയിൽ രോഗികൾ 7.10 ലക്ഷം പിന്നിട്ടു. പെറുവിൽ രോഗബാധിതർ 3,19,646 ആയി വർധിച്ചു.

അടുത്ത വർഷം മാർച്ച് – മേയ് മാസത്തോടെ ആഗോളതലത്തിൽ 24.9 കോടി കേസുകളും 18 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് മസാചുസെറ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു. എംഐടി ഗവേഷകരായ ഹാഷിർ റഹ്മണ്ടാദ്, ടി.വൈ ലിം, ജോൺ സ്റ്റെർമാൻ എന്നിവർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 84 രാജ്യങ്ങളിലെ കോവിഡ് കേസുകൾ, മരണം, പരിശോധന, മറ്റ് നിരവധി ഘടകങ്ങൾ എന്നിവയുടെ ഡാറ്റ ഉപയോഗിച്ചുള്ള പഠനമാണ് ഗവേഷകർ നടത്തിയത്.

ഏകദേശം മൂന്ന് ദശലക്ഷത്തിലധികം കേസുകളുള്ള അമേരിക്കയാണ് നിലവിൽ ലോകത്തിലെ മഹാമാരിയാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നതെങ്കിലും, ഇന്ത്യ ഉടൻ തന്നെ ഇത് മറികടക്കുമെന്ന് ഗവേഷകർ പ്രവചിക്കുന്നു. 2021 ഫെബ്രുവരി അവസാനത്തോടെ യുഎസ് ഏറ്റവും കൂടുതൽ രണ്ടാമത്തെ പുതിയ കേസുകൾ രേഖപ്പെടുത്തുന്ന (പ്രതിദിനം 95,000 കേസുകൾ) രാജ്യമാകും. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയെത്തും, പ്രതിദിനം 21,000 കേസുകൾ. ഇറാൻ പ്രതിദിനം 17,000 കേസുകളും ഇന്തോനേഷ്യ 13,000 കേസുകളും പ്രതിദിനം രേഖപ്പെടുത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook