വാഷിങ്ടൺ ഡിസി: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്നു. ഇതുവരെ 6,026,108 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 366,415 പേർ മരിച്ചു. 2,655,970 പേർ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ് നിലവിൽ കോവിഡ് പിടിച്ചുകെട്ടാനാകാതെ കുതിയ്ക്കുന്നത്.

അമേരിക്കയിൽ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 17,93,530 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അമേരിക്കയില്‍ 24,802 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതുതായി 1,209 പേർ മരണപ്പെട്ടു. ആകെ മരണം 1,04,542 ആയി. 5,19,569 പേർക്കാണ് രോഗത്തെ അതിജീവിക്കാനായത്.

Read More: അടിച്ചുപിരിഞ്ഞു; ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ച് ട്രംപ്

ഇതിനിടെ ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചു. തുടരെ തുടരെയുള്ള വിമർശനങ്ങൾക്ക് പിന്നാലെ ലോകാരോഗ്യസംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് ലോകാരോഗ്യസംഘടനയ്‌ക്കെതിരെ അമേരിക്ക രംഗത്തെത്തിയത്. വൈറസിന്റെ ഉറവിടം ചൈനയാണെന്ന് ട്രംപ് വാദിച്ചിരുന്നു. എന്നാൽ, ലോകം ഒരു മഹാമാരിയെ നേരിടുന്ന സമയത്ത് ഇത്തരം കുപ്രചരണങ്ങൾ നടത്തരുതെന്നായിരുന്നു ലോകാരാഗ്യസംഘടനയുടെ മറുപടി. ഇതോടെ ലോകാരോഗ്യസംഘടനയെ നിയന്ത്രിക്കുന്നത് ചൈനയാണെന്ന് ട്രംപ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ട്രംപ് അറിയിച്ചത്.

ഇതിനിടെ മറ്റു രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും കുതിച്ചുയരുകയാണ്. ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബ്രസീലിലും കോവിഡ്-19 മരണസംഖ്യ മുന്നോട്ട് പോകുന്നു. കോവിഡ് മരണനിരക്കില്‍ ബ്രസീല്‍ സ്‌പെയിനെ മറികടന്നു. നിലവില്‍ 27,878 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് മരണസംഖ്യയില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. 24 മണിക്കൂറിനിടെ ബ്രസീലില്‍ 1,124 പേരാണ് മരിച്ചത്. ബ്രസീലില്‍ കോവിഡ്-19 കൈവിട്ടു പോകുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തു രോഗികളുടെ എണ്ണവും കുതിച്ചുയരുകയാണ്. പുതുതായി 26,928 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 465,166 ആയി ഉയര്‍ന്നു.

മറ്റു രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം റഷ്യ-3,87,623, സ്‌പെയിന്‍-2,85,644, ബ്രിട്ടന്‍-2,71,222, ഇറ്റലി- 2,32,248, ഫ്രാന്‍സ്- 186,835, ജര്‍മനി- 1,83,019, ഇന്ത്യ-1,73,491, തുര്‍ക്കി-1,62,120, പെറു-1,48,285, ഇറാന്‍-1,46,668, ചിലി-90,638, കാനഡ-89,418, ചൈന-82,995.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. റഷ്യ-4,374, സ്‌പെയിന്‍-27,121, ബ്രിട്ടന്‍-38,161, ഇറ്റലി- 33,229, ഫ്രാന്‍സ്- 28,714, ജര്‍മനി- 8,594, ഇന്ത്യ-4,980, തുര്‍ക്കി- 4,489, പെറു-4,230, ഇറാന്‍-7,677, ചിലി-944, കാനഡ-6,979, ചൈന-4,634.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook