വാഷിങ്‌ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. 4,336,895 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ് (292,369). ഇതുവരെ 1,596,521 ആളുകള്‍ രോഗമുക്തി നേടി.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,489 പേർ മരിച്ചപ്പോള്‍ 22,239 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതുവരെ 83,368 പേരാണ് അമേരിക്കയില്‍ മരിച്ചത്.

രാജ്യത്തെ ജനങ്ങളുടെ ജീവിതം സംരക്ഷിക്കപ്പെടണമെങ്കില്‍ അമേരിക്കയില്‍ എത്രയും വേഗം അടച്ചുപൂട്ടല്‍ അവസാനിപ്പിക്കണമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. വൈറ്റ്ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപിന്റെ വക്താവ് കെയ്‌ലെ മക്‌നാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read More: ദോഹ-തിരുവനന്തപുരം വിമാനം തലസ്ഥാനത്തെത്തി

ജനങ്ങള്‍ ഇനിയും അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് വീടുകളില്‍ തന്നെ തുടര്‍ന്നാല്‍ അത് രാജ്യത്തെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്നും മക്‌നാനി പറഞ്ഞു. അതിനാല്‍ തന്നെ അമേരിക്കന്‍ ജനത സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരേണ്ടത് അത്യാവശ്യമാണെന്നും മക്‌നാനി ആവര്‍ത്തിച്ചു.

സ്പെയിനിൽ മരണം 27,000ലേക്ക് അടുക്കുകയാണ്. റഷ്യയിൽ 24 മണിക്കൂറിനിടെ പതിനായിരത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ബ്രസീലില്‍ 779 പേരും യുകെയില്‍ 627 പേരും ഫ്രാന്‍സില്‍ 348 പേരും കാനഡയില്‍ 176 പേരും ഇറ്റലിയില്‍ 172 പേരും മരണപ്പെട്ടു.

അതേസമയം, കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന്, ദിവസങ്ങള്‍ക്കു ശേഷം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് വീണ്ടും യോഗം ചേര്‍ന്നു. രാജ്യതലസ്ഥാനത്ത് ചേര്‍ന്ന യോഗത്തെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അഭിസംബോധന ചെയ്തു. രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചായിരുന്നു പാര്‍ലമെന്റ് സുപ്രധാനമായി ചര്‍ച്ച ചെയ്തത്.

തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും യോഗം വിലയിരുത്തി. അതേസമയം, ന്യൂസൗത്ത് വെയ്ല്‍സില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് ഏറെ ആശ്വാസകരമാണെന്നും യോഗം വിലയിരുത്തി. രാജ്യത്തെ കോവിഡ് കേസുകളുടെ 45 ശതമാനവും ന്യൂസൗത്ത്‌വെയില്‍സില്‍ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രാജ്യത്ത് ഭക്ഷണശാലകള്‍ ഈ ആഴ്ച തന്നെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും സ്‌കൂളുകള്‍ ചൊവ്വാഴ്ച മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook