/indian-express-malayalam/media/media_files/uploads/2020/04/who.jpg)
ന്യൂയോര്‍ക്ക്: ആഗോള തലത്തിൽ കോവിഡ്-19 വൈറസ് വ്യാപിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ അമേരിക്ക നടത്തിയ വിമര്‍ശനങ്ങള്‍ക്ക് ഡ്ബ്ല്യുഎച്ച്ഒ തലവന്റെ മറുപടി. കോവിഡ് മഹാമാരി ലോകജനതയ്ക്ക് തന്നെ ഭീഷണിയായി മാറിയ ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ഡബ്ല്യൂഎച്ച്ഒ തലവന്‍ ഡോ.ടെഡ്രസ് അദനം ഗബ്രിയെയ്‌സിസ് ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയ്ക്ക് ആരോടും പ്രത്യേക താത്പര്യങ്ങള്‍ ഇല്ല. എല്ലാ രാജ്യങ്ങളും ഒരുപോലെയാണ്- അദ്ദേഹം പറഞ്ഞു. ദേശീയ- അന്തര്‍ദേശിയ തലങ്ങളില്‍ ഒരുമയും ഐക്യപ്പെടലുമെല്ലാം വേണ്ട സമയമാണിത്- അദ്ദേഹം ഓര്‍മിപ്പിച്ചു. മറ്റ് രാഷ്ട്രീയക്കളികളെ നമുക്ക് തല്‍ക്കാലം ക്വാറന്റൈൻ ചെയ്യാമെന്നും ടെഡ്രസ് അദനം ഗബ്രിയെയ്‌സിസ് കൂട്ടിച്ചേര്‍ത്തു.
ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് പ്രത്യേക താത്പര്യമുണ്ടെന്ന് ട്രംപ് നിരന്തരം ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഡബ്ല്യൂഎച്ച്ഒ തലവന്‍ ഡോ.ടെഡ്രസ് അദനം ഗബ്രിയെയ്‌സിസ് മറുപടിയുമായി രംഗത്തെത്തിയത്.
Read More: ലോകത്ത് കോവിഡ് മരണം 88,000 കടന്നു; 15 ലക്ഷത്തിലധികം രോഗികൾ
ബുധനാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെയടക്കം വിവരങ്ങള്‍ നല്‍കുന്നതിനു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് വീണ്ടും ഡ്ബ്ല്യുഎച്ച്ഒയെ രൂക്ഷമായി വിമര്‍ശിച്ചത്. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് പ്രത്യേക താത്പര്യമുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ എല്ലാവരും വിമര്‍ശിച്ചുവെന്നും എന്നാല്‍ അത് വാസ്തവമാണെന്നും ട്രംപ് ആവര്‍ത്തിച്ചു.
ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് പ്രത്യേക താത്പര്യമുണ്ട് എന്ന തന്നെ ആവര്‍ത്തിക്കുന്നു. ഇക്കാര്യത്തേക്കുറിച്ച് അമേരിക്ക കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. അതിനു ശേഷം പ്രതിവര്‍ഷം നല്‍കാറുള്ള തുക സംബന്ധിച്ച് തീരുമാനിക്കും- ട്രംപ് പറഞ്ഞു. 58 മില്യണ്‍ യുഎസ് ഡോളറാണ് പ്രതിവര്‍ഷം അമേരിക്ക ഡബ്ല്യുഎച്ച്ഒയ്ക്ക് നല്‍കുന്നത്.
വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. കാര്യങ്ങളേക്കുറിച്ച് വ്യക്തമായി പഠിക്കുമെന്നും പ്രാഥമിക ഘട്ടത്തില്‍, ട്രംപ് പറഞ്ഞതു പോലെ ഇനി ഫണ്ട് നല്‍കേണ്ടെന്നാണ് തീരുമാനമെന്നും പോംപിയോ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.