വാഷിങ്ടൺ ഡിസി: പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടും ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നു. ലോകവ്യാപകമായി 36,45,194 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,52,390 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 11,94,872 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.

കോവിഡ് കനത്ത ആഘാതം സൃഷ്ടിച്ച അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 12,12,835 ആയി. 69,921 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1,88,027 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. രാജ്യത്ത് ഇന്നലെ മാത്രം 896 പേർ മരിച്ചു.

അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധവും കണക്കിലെടുത്ത് രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങളിൽ ട്രംപ് സർക്കാർ നിയന്ത്രണങ്ങൾ ഇളവ് ചെയ്തിട്ടുണ്ട്.

Read More: മഞ്ഞുകാലത്ത് കോവിഡ് രോഗവ്യാപനം വീണ്ടും ഉയർന്നേക്കാം: എയിംസ് ഡയരക്ടർ ഡോക്ടർ ഗുലേറിയ

വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം സ്‌പെയിന്‍- 2,48,301, ഇറ്റലി- 2,11,938, ബ്രിട്ടന്‍- 1,90,584, ഫ്രാന്‍സ്- 1,69,462, ജര്‍മനി- 1,66,152 , റഷ്യ- 1,45,268, തുര്‍ക്കി- 1,27,659, ഇറാന്‍- 98,647 എന്നിങ്ങനെയാണ്.

ഈ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയുംവിധമാണ് സ്‌പെയിന്‍- 25,428, ഇറ്റലി- 29,079, ഫ്രാന്‍സ്- 25,201, ജര്‍മനി- 6,993, ബ്രിട്ടന്‍- 28,734, തുര്‍ക്കി- 3,461, ഇറാന്‍- 6,277, റഷ്യ- 1,356.

അതേസമയം ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 42,836 ആയി. 24 മണിക്കൂറിൽ 2573 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തിനുള്ളൽ 83 പേർ കൂടി മരിച്ചതോടെ ആകെ മരണം 1389 ആയി. ഇതുവരെ 11,762 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. സാമൂഹിക വ്യാപനത്തില്‍ നിന്ന് ഇന്ത്യ രക്ഷപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ വർധൻ പറഞ്ഞു.

എന്നാൽ കോവിഡ് രോഗവ്യാപനം കുറച്ചു കാലം കൂടി തുടരുമെന്നാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയരക്ടർ ഡോക്ടർ രൺദീപ് ഗുലേറിയ പറയുന്നത്. ശൈത്യകാലത്ത് രണ്ടാമതൊരു തവണ കൂടി രോഗവ്യാപനം ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിലാണ് ഗുലേറിയയുടെ പ്രതികരണം.

രാജ്യത്ത് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്ന ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിലെ അംഗമാണ് ഗുലേറിയ. രാജ്യത്ത് രോഗവ്യാപനം തടയുന്നതിൽ ജനങ്ങളുടെ പങ്കാളിത്തം സഹായകരമായെന്ന് ഗുലേറിയ പറഞ്ഞു. സ്വകാര്യ മേഖലയിലെ ആശുപത്രികളും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളും കോവിഡ്-19 പ്രതിസന്ധി കൈകാര്യം ചെയ്യാൻ പ്രാപ്തമാവണം. ഇതുവരെ ഇക്കാര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കാണാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook