ന്യൂഡല്‍ഹി: ആഗോളതലത്തിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2.39 ലക്ഷം കടന്നു. ഇതിനോടകം 2,39,443 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ലോകത്താകെ 33,98,458 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച 10,80,101 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിയന്ത്രണങ്ങൾ തുടരുമ്പോഴും വർധിക്കുന്ന മരണ സംഖ്യ ആശങ്ക സൃഷ്ടിക്കുന്നു.

ഏറ്റവുമധികം പേർക്ക് കോവിഡ് ബാധിച്ചതും ഏറ്റവുമധികം പേർ മരിച്ചതും അമേരിക്കയിലാണ്. 11,31,015 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 65,748 പേരാണ് ഇവിടെ കോവിഡ് മൂലം മരിച്ചത്. 161,563 പേര്‍ രോഗമുക്തി നേടി. 903,704 പേര്‍ ഇപ്പോഴും അമേരിക്കയില്‍ ചികിത്സയിലാണ്.

Read More: ലോക്ക്ഡൗൺ നീട്ടി; മേയ് 17 വരെ കർശന നിയന്ത്രണങ്ങൾ തുടരും

അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൊറോണ വൈറസ് ഏറ്റവുമധികം നാശം വിതച്ചത്. 24,069 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,15,222 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്‌സി (7,538), മിഷിഗന്‍ (3,866), മാസച്യുസെറ്റ്‌സ് (3,716), ഇല്ലിനോയി (2,457), കണക്ടിക്കട്ട് (2,339), പെന്‍സില്‍വാനിയ (2,651), കലിഫോര്‍ണിയ (2,111) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.

അമേരിക്ക കഴിഞ്ഞാല്‍ ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചിരിക്കുന്നത്. 28,236 പേരാണ് ഇവിടെ മരിച്ചത്. 2,07,428 പേര്‍ക്കു ഇവിടെ രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 24,594 പേരും കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങി. ഈ രണ്ടു രാജ്യങ്ങളിലായി പുതുതായി രോഗബാധയുണ്ടാകുന്നവരുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ട്.

ബ്രിട്ടണില്‍ 27,510 പേരാണു കോവിഡിന് ഇരയായത്. ഇതോടെ യൂറോപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന മരണസംഖ്യയുള്ള രാജ്യമായി ബ്രിട്ടന്‍. സ്‌പെയിനില്‍ 24,824 പേരും ജര്‍മനിയില്‍ 6,736 പേരും കോവിഡ് ബാധിച്ചു മരിച്ചു. ബെല്‍ജിയം (7,703), ഇറാന്‍ (6,091), ബ്രസീല്‍ (6,410), നെതര്‍ലന്‍ഡ് (4,893), കാനഡ (3,391), തുര്‍ക്കി (3,258) എന്നീ രാജ്യങ്ങളിലും മരണസംഖ്യ ഉയരുകയാണ്.

അതേസമയം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇന്ത്യയിൽ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. രണ്ടാം ഘട്ട ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് മേയ് 17 വരെ നീട്ടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. രാജ്യത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് തന്നെയാണ് കേന്ദ്രം അറിയിക്കുന്നത്. പൊതുഗതാഗതം ഉണ്ടാകില്ല. ഓറഞ്ച് സോണിൽ ഒരു യാത്രക്കാരനുമായി ടാക്സി സര്‍വീസ് ആകാം. അനുവദനീയമായ ആവശ്യങ്ങള്‍ക്ക് മാത്രം ജില്ല വിട്ട് യാത്രയാകാം. കുടുങ്ങി കിടക്കുന്നവരുടെ മടക്കത്തിന് പ്രത്യേക അനുമതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook