ന്യൂഡൽഹി: ആഗോളതലത്തിൽ കോവിഡ് മരണസംഖ്യ കുതിച്ചുയരുന്നു. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണവും അതിവേഗം ഉയരുന്നു. വേൾഡോ മീറ്റർ കണക്കുപ്രകാരം 4,01,607 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുക്കുന്നു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് അമേരിക്കയിലാണ്.

ഇന്ത്യയിൽ സ്ഥിതി ദിനംപ്രതി രൂക്ഷമാകുന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള അഞ്ചാമത്തെ രാജ്യം ഇന്ത്യയെന്ന് ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ കോവിഡ് ട്രാക്കറിൽ നിന്നുള്ള കണക്കുകൾ. കോവിഡ് ട്രാക്കറിലെ കണക്ക് പ്രകാരം 243,733 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെ ഇന്ത്യ മറികടന്നതായും ജോൺ ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സർവകലാശാലയുടെ കണക്ക് പ്രകാരം സ്‌പെയിനിൽ 241, 310 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ഇന്ത്യയിൽ 236,657 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. തുടർച്ചയായി മൂന്ന് ദിവസം ഇന്ത്യയിൽ രോഗികളുടെ എണ്ണം 9,000 കടന്നത് ആശങ്ക വർധിപ്പിക്കുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്.

Read Also: എട്ട് ആശുപത്രികളിൽ കയറിയിറങ്ങി; ഗർഭിണിക്ക് ദാരുണാന്ത്യം

രാജ്യത്ത് മരണസംഖ്യ ഉയരുന്നു

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായിരത്തിലേക്ക് അടുക്കുകയാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് 6,642 പേർക്ക് രോഗം ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ടു. ഇതിൽ പകുതിയോളം കഴിഞ്ഞ രണ്ടാഴ്‌ചക്കിടയിൽ ആണ്. മൂവായിരത്തിലേറെ പേരാണ് കഴിഞ്ഞ രണ്ട് ആഴ്‌ചക്കിടയിൽ മരിച്ചത്. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് കുറവുണ്ട്.

കേരളത്തിൽ അതീവ ജാഗ്രത

ആദ്യഘട്ടത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഫലപ്രദമായി നിയന്ത്രിച്ച കേരളത്തിൽ ഇപ്പോൾ സ്ഥിതി ആശങ്കാജനകമാണ്. വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മലയാളികൾ തിരിച്ചെത്താൻ തുടങ്ങിയതോടെ രോഗബാധിതരുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തി. തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ നൂറിലധികം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒപ്പം സമ്പർക്കം കാരണം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും ആശങ്ക ഉയർത്തുന്നു. ഇന്നലെ 108 പേര്‍ക്കാണ് കേരളത്തിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook