ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി എഴുപതിനായിരം കടന്നു. 170,435 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. ഇതുവരെ 2,481,236 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 646,848 പേർ രോഗമുക്തി നേടി.

ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ മാത്രം 1,883 പേര്‍ മരിച്ചു. ഇതോടെ അമേരിക്കയില്‍ ആകെ മരണം 42,458 ആയി. സ്‌പെയിനില്‍ മരണസംഖ്യ 20,852 ആയി. ഇറ്റലിയില്‍ 24,114 ഉം ഫ്രാന്‍സില്‍ 20,265 പേരുമാണ് ഇതുവരെ മരിച്ചത്. ബ്രിട്ടനില്‍ ഇതുവരെ 16,509 പേരാണ് മരിച്ചത്. തിങ്കളാഴ്ച മാത്രം മരിച്ചത് 449 പേര്‍. ഇറാനില്‍ മരണസംഖ്യ അയ്യായിരം കടന്നു. ഇതുവരെ 5,209 പേരാണ് ഇറാനില്‍ മരിച്ചത്.

Read More: കോവിഡ്-19: കണ്ണൂർ അതിതീവ്ര മേഖല, നിയന്ത്രണം കർശനമാക്കും

ഫ്രാൻസിലും മരണ സംഖ്യ 20,000 കടന്നെന്നാണ് റിപ്പോർട്ട്. 1,55,383 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചത്. ഇതില്‍ 20,265 പേര്‍ മരണത്തിനു കീഴടങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,500ഓളം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 550 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്‌തെന്നാണ് വിവരം.

അതേസമയം, കോവിഡ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കുകയും ചൈനയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്തുവെന്ന വിമർശനത്തിന് മറുപടിയായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് രംഗത്തെത്തി.

കോവിഡ് സംബന്ധമായ ഒരു വിവരവും ആരില്‍ നിന്നും മറച്ചുവച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവൈന്‍ഷന്‍ (സിഡിസി)ന് വൈറസ് ബാധ സംബന്ധിച്ച് നേരത്തെ വിവരങ്ങള്‍ നല്‍കിയിരുന്നുവെന്ന് ടെഡ്രോസ് അഥനം പറഞ്ഞു.

ലോകാരോഗ്യ സംഘടനയ്ക്ക് രഹസ്യങ്ങള്‍ ഒന്നും തന്നെയില്ല. എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ അപ്പോള്‍ തന്നെ അത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്താറുണ്ട്. ഇത് ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണെന്ന് ഡബ്ല്യുഎച്ച്ഒയ്ക്ക് ഉത്തമ ബോധ്യമുണ്ട്- അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യ സംഘടന ചൈനയ്ക്ക് അനുകൂലമായ നിലപാടുകളാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. പക്ഷേ, അമേരിക്ക ഇതുവരെ നിലപാടില്‍ നിന്ന് പിന്മാറിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook