ഛണ്ഡീഗഡ്: കൊറോണ വൈറസ് വ്യാപനം സെപ്‌റ്റംബർവരെ ഉണ്ടാകുമെന്ന് വിദഗ്‌ധർ പറഞ്ഞതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. അതുവരെ ലോക്ക്‌ഡൗണ്‍ തുടരുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് വിദഗ്‌ധർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അമരീന്ദർ സിങ് ഇങ്ങനെ പറഞ്ഞത്. ഇപ്പോള്‍ രാജ്യത്ത് മെയ് മൂന്ന് വരെയാണ് ലോക്ക്‌ഡൗണ്‍ നീട്ടിയിരിക്കുന്നത്.

“കൊറോണ വൈറസ് വ്യാപനം മെയ് മൂന്നുകൊണ്ട് അവസാനിക്കുമെന്ന് തോന്നുന്നില്ല. സെപ്റ്റംബർ മാസം വരെ വൈറസ് വ്യാപനം തുടരുമെന്നാണ് വിദഗ്‌ധരിൽ നിന്നു ലഭിക്കുന്ന അറിവ്. അതുവരെ രാജ്യത്തെ ജനങ്ങളെ ലോക്ക്‌ഡൗണിൽ നിർത്താൻ സാധിക്കില്ല. വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കും. വൈറസ് വ്യാപനത്തെ ചെറുക്കാൻ അനുയോജ്യമായ പ്രതിരോധ നടപടികൾ അവലംബിക്കണം,” മാധ്യമപ്രവർത്തകരുമായുള്ള വീഡിയോ കോൺഫറൻസില്‍ അമരീന്ദർ പറഞ്ഞു.

Read Also: കെെ നിറയെ സ്‌നേഹം, മറ്റൊന്നിനും സമയമില്ല; താൻ സുരക്ഷിതയെന്ന് സംവൃത 

സംസ്ഥാനത്ത് ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടതായും അമരീന്ദർ സിങ് പറഞ്ഞു. സംസ്ഥാനത്ത് ആശുപത്രി വികസനത്തിനും വൈറോളജി ഇന്‍സ്റ്റിറ്റ‌്യൂട്ട് സ്ഥാപിക്കുന്നതിനുമായി 729 കോടി രൂപ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തില്‍ നിന്ന് അനുകൂലമായ പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും അമരീന്ദര്‍ സിങ് അറിയിച്ചു.

അതേസമയം, കോവിഡ്-19 നെ പ്രതിരോധിക്കാൻ ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോഴും വൈറസ് ബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് 3,000 ത്തിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 12,13,14 ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,286 പേരിലാണ്. രാജ്യത്ത് ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുടെ 30 ശതമാനവും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ്.

ഇന്നലെ മാത്രം രാജ്യത്ത് സ്ഥിരീകരിച്ചത് 1463 പോസിറ്റീവ് കേസുകളാണ്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിൽ 12 നു 918 പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നു. ഏപ്രിൽ 13 ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 905 പേരിലാണ്. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് 29 പേർ മരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,815 ആയി. രോഗം ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 353 ആയി.

Read Also: ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയ്‌ക്ക് കോവിഡ്; രോഗബാധിതൻ മുഖ്യമന്ത്രിയുമായി സമ്പർക്കം പുലർത്തി

മഹാരാഷ്ട്രയിലാണ് കോവിഡ്-19 ഏറ്റവും നാശം വിതച്ചിരിക്കുന്നത്. 2337 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ. ഡൽഹിയിൽ 1510 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 1173 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നലെ മാത്രം 20,000 ത്തിലേറെ സാംപിളുകൾ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് രണ്ടരലക്ഷത്തോളം സാംപിളുകൾ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read in English Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook