ന്യൂഡൽഹി: ഐസ്‌ക്രീമും മറ്റ് തണുപ്പുള്ള പദാർത്ഥങ്ങളും കഴിക്കുന്നതിലൂടെ കൊറോണ വൈറസ് അതിവേഗം ബാധിക്കുമോ? ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ഇത്തരം സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഐസ്‌ക്രീമും തണുപ്പുള്ള പദാർത്ഥങ്ങളും കഴിച്ചാൽ രോഗം അതിവേഗം ബാധിക്കുമെന്ന തരത്തിലും സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, അത്തരം പ്രചാരണങ്ങളെയെല്ലാം ലോകാരോഗ്യ സംഘടന തള്ളി. ഐസ്‌ക്രീമും മറ്റ് തണുപ്പുള്ള പദാർത്ഥങ്ങളും കൊറോണ വൈറസ് പടരാൻ കാരണമാകുമെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ശാസ്ത്രീയമായി യാതൊരു തെളിവും ഇല്ലാത്ത കാര്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസേതു ആപ് വഴിയുള്ള വിവരങ്ങൾ മാത്രം പാലിക്കണമെന്നാണ് കേന്ദ്ര നിലപാട്. ആരോഗ്യസേതു ആപ്പിലൂടെ കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ വാർത്തകൾ തടയുന്നത് അടക്കം ലക്ഷ്യമിട്ടാണ് ആരോഗ്യ സേതു ആപ്പിന് തുടക്കം കുറിച്ചത്. സർക്കാർ ജീവനക്കാർ നിർബന്ധമായും ആരോഗ്യസേതു ആപ് ഉപയോഗിക്കണമെന്ന് കേന്ദ്ര നിർദേശമുണ്ട്.

Read Also: അച്ഛനെ അവസാനമായി കാണാൻ റിദ്ധിമ കപൂർ എത്തും; റോഡ് മാർഗം സഞ്ചരിക്കാൻ അനുമതി

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33,050 ആയി. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,074 ലേക്ക് എത്തി. കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ മേയ് മൂന്നിന് അവസാനിക്കും. ലോക്ക്‌ഡൗണ്‍ അവസാനിച്ചാൽ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. കോവിഡ് വ്യാപനം ഇല്ലാത്ത രാജ്യത്തെ ജില്ലകളിൽ ഇളവുകൾ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മേയ് നാല് മുതൽ ഇളവുകൾ എങ്ങനെയെല്ലാം എന്നതിനെ കുറിച്ച് പുതിയ മാർഗരേഖ പുറത്തിറക്കുമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് മുക്ത ജില്ലകളിൽ ആയിരിക്കും നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുക. റെഡ് സോണുകളിൽ പതിവ് നിയന്ത്രണം തുടരാനാണ് സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook