ന്യൂഡൽഹി: ബിജെപി പ്രവർത്തകർക്ക് താക്കീതുമായി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. കോവിഡ് വൈറസിനു വർഗീയ നിറം നൽകരുതെന്ന് നഡ്ഡ പറഞ്ഞു. കോവിഡിനു വർഗീയ നിറം നൽകുന്നതിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് വിഭാഗീയത സൃഷ്‌ടിക്കുന്നതിൽ നിന്നും പാർട്ടി പ്രവർത്തകർ പൂർണമായി വിട്ടുനിൽക്കണമെന്ന് നഡ്ഡ അഭ്യർത്ഥിച്ചു.

ഡൽഹിയിലെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പലയിടത്തും വർഗീയ പരാമർശങ്ങൾ ഉടലെടുത്തിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് നഡ്ഡയുടെ മുന്നറിയിപ്പ്. ബിജെപി ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് നഡ്ഡ ഇക്കാര്യങ്ങൾ പറഞ്ഞതെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

വൈറസ് ബാധയ്‌ക്ക് വർഗീയ നിറം നൽകാതെ കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രിക്കും മറ്റ് സംസ്ഥാന സർക്കാരുകൾക്കുമൊപ്പം രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തകർ സഹകരിക്കണമെന്ന് നഡ്ഡ പറഞ്ഞു.

Read Also: കോവിഡ്-19: ഏപ്രിൽ 30 വരെയുള്ള ബുക്കിങ് നിർത്തിവച്ച് എയർ ഇന്ത്യ

“രാജ്യത്തെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് നമ്മളിൽ നിക്ഷിപ്‌തമായിരിക്കുന്നത്. വൈറസ് ബാധ ലോകമെമ്പാടും ദുരിതം വിതച്ചിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ ആരും പ്രകോപനപരമായ പ്രസ്‌താവനകൾ നടത്തരുത്” നഡ്ഡ പറഞ്ഞു.

നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട 400 ഓളം പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 15 പേർ മരിക്കുകയും ചെയ്‌തു. ഇതിനു പിന്നാലെ നിരവധി പേർ വർഗീയ പ്രസ്‌താവനകളുമായി രംഗത്തെത്തിയിരുന്നു. ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ അടക്കമുള്ളവരാണ് ഇത്തരത്തിൽ വർഗീയ പരാമർശം നടത്തിയത്.

Read Also: ഞാനെന്തിനു മാസ്‌ക് ധരിക്കണം; വിവാദമായി ട്രംപിന്റെ പ്രസ്‌താവന

തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് പലയിടത്തും വർഗീയ പരാമർശങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. “തബ്‌ലീഗ് സമ്മേളനത്തെക്കുറിച്ചും അതിൽ പങ്കെടുത്തവരെക്കുറിച്ചും പിന്നെ അതുമായി ബന്ധപ്പെട്ട് അവരുടെ മതത്തെക്കുറിച്ചും അസഹിഷ്ണുതയോടെയുള്ള പ്രചരണം ചിലർ അടിച്ചുവിടുന്നതായി കാണുന്നുണ്ട്. സോഷ്യൽ മീഡിയയാണ് ഇതിനുവേണ്ടി വ്യാപകമായി ദുരുപയോഗിക്കുന്നത്. ഒരു കാര്യമേ പറയാനുള്ളൂ, ഈ രോഗകാലത്ത് വർഗീയ വിളവെടുപ്പ് നടത്താൻ ആരും തുനിഞ്ഞിറങ്ങേണ്ടതില്ല.” -മുഖ്യമന്ത്രി പറഞ്ഞു.

Read in English Here: BJP chief Nadda cautions party leaders: Don’t give coronavirus a communal twist

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook