ജയ്‌പൂർ: മുസ്ലിമായതിനാല്‍ ഗര്‍ഭിണിയായ യുവതിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചുവെന്ന് ആരോപണം. കഴിഞ്ഞ ദിവസം ജയ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ വച്ച് പ്രസവിച്ച സ്ത്രീയുടെ കുഞ്ഞ് മരിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഭര്‍ത്താവ് രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ഭാരത്‌പൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതിയെ ജയ്‌പൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ ആശുപത്രിയിലേക്ക് എത്തുന്നതിനു മുൻപ് യുവതി ആംബുലൻസിൽവച്ച് പ്രസവിച്ചു.

മുസ്‌ലിം ആയതിനാലാണ് രാജസ്ഥാനിലെ ഭാരത്‌പൂർ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ തങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെട്ടതെന്ന് യുവതിയുടെ ഭർത്താവ് ഇർഫാൻ ഖാൻ ആരോപിച്ചു. ഭാരത്‌പൂരിലെ പ്രസവ ആശുപത്രിക്കെതിരെയാണ് ആരോപണം.

Read Also: അനവധിപേരുടെ ജീവിത മാര്‍ഗം; ഐപിഎല്‍ നടത്തണം: കെവിന്‍ പീറ്റേഴ്‌സണും സഞ്ജയ് മഞ്ജരേക്കറും

യുവതിയുടെ ഭർത്താവ്​ ഇർഫാൻ ഖാൻ പറയുന്നതിങ്ങനെ: “ഗർഭിണിയായ ഭാര്യയെ സിക്രിയിൽ നിന്നും ജില്ലാ ആസ്​ഥാനത്തെ പ്രസവ ആശുപത്രിയിലേക്ക്​ റഫർ ചെയ്തു. ശനിയാ‌ഴ്‌ച രാവിലെയാണ് ജനനയിലേക്ക് പോയത്. അവിടെ ഭാര്യയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർ എന്റെ പേരും അഡ്രസും ചോദിച്ചു. ഞാൻ മുസ്‌ലിം ആണോ എന്നും
ഡോക്‌ടർ ചോദിച്ചു. മുസ്‌ലിം ആണെന്ന് പറഞ്ഞപ്പോൾ ഇവിടെ നിങ്ങൾക്ക് ആവശ്യമായ ചികിത്സയൊന്നും ലഭിക്കില്ല എന്ന് ഡോക്‌ടർ എന്നോട് പറഞ്ഞു. ഇതേ തുടർന്ന് അവിടെ നിന്നു തിരിച്ചുപോരേണ്ടി വന്നു. പിന്നീട് ആംബുലൻസിൽവച്ച് ഭാര്യ പ്രസവിച്ചു. എന്നാൽ, ആശുപത്രിയെത്തും മുൻപ് കുട്ടി മരിച്ചു.”

അതേസമയം, ഭാരത്‌പൂർ എംഎൽഎയും മന്ത്രിയുമായ സുഭാഷ് ഗാർഖ് ആരോപണം നിഷേധിച്ചു. യുവതിയുടെ ഭർത്താവ് ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.രചന നാരായണൻ ആരോപണത്തെ കുറിച്ച് പ്രതികരിച്ചില്ല. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ എജ്യൂക്കേഷൻ സെക്രട്ടറി വെെഭവ് ഗാൽരിയ പറഞ്ഞു.

Read Also: കോവിഡ്-19: രാജ്യത്ത് 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണത്തിൽ വർധനവ്

സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി സംസ്​ഥാന ടൂറിസം മന്ത്രി വിശ്വാവേന്ദ സിങ്​ രംഗത്തെത്തിയിട്ടുണ്ട്​. മുനീത്​ വാലിയ എന്ന ഡോക്​ടറാണ്​ സംഭവത്തിന്​ പിന്നിലെന്നും​ ആരോഗ്യ മന്ത്രിയുടെ മണ്ഡലത്തിലാണ്​ ഇങ്ങനെയൊരു സംഭവമെന്നത്​ വലിയ നാണക്കേടാണെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook