ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമ്പതായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലാണ് ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

ഡൽഹി പശ്ചിമ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത് മസ്‌ജിദിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമം ഇനിയും തുടരുകയാണ്. സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിലാണ്. അവിടെ ഇതുവരെ 234 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ 190 പേരും നേരിട്ടും അല്ലാതെയും തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സംസ്ഥാനത്ത് ഇനിയുമുണ്ടെന്നാണ് റിപ്പോർട്ട്.

Read Also: Explained: കൊറോണവൈറസ് ബാധയില്‍ നിന്നും കുട്ടികള്‍ സുരക്ഷിതരാണോ?

ഡൽഹിയിൽ ഇന്നലെ 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിൽ 29 പേരും തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. ആന്ധ്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 132 ആയി. സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്രയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ നൂറോളം പേർ തബ്‌ലീഗ് സമ്മേളനവുമായി നേരിട്ടു ബന്ധപ്പെട്ടവരോ അവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരോ ആണ്. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 154 പേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം രാവിലെ വ്യക്തമാക്കിയത്.

അതേസമയം, രാജ്യത്ത് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 450 നു അടുത്താണ്. തൊട്ടുമുൻപുള്ള ദിവസം ഇത് 315 ആയിരുന്നു. കഴിഞ്ഞ നാല് ദിവസമായി രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന കാഴ്‌ചയാണ് കാണുന്നത്. ഇത് രാജ്യത്ത് ആശങ്ക പരത്തുന്നു. തമിഴ്‌നാട്ടിൽ രോഗബാധിതരുടെ എണ്ണം അതിവേഗമാണ് വർധിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook