ന്യൂയോർക്: ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. ആകെ രോഗികളുടെ എണ്ണം 1,00,65,257 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.66 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ അമേരിക്കയിലാണ്. അതിനു പിന്നിൽ ബ്രസീൽ ഉണ്ട്.
കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം അഞ്ചുലക്ഷം കടന്ന് 5,00,534 ആയി. 24 മണിക്കൂറിനിടെ 4,455 പേര് കൂടി ആഗോളതലത്തിൽ മരിച്ചു. ഇന്നലെ കൂടുതല്‍ മരണം ബ്രസീലിലാണ്. 961 പേര് മരിച്ചു. ബ്രസീലിലെ ആകെ മരണം 57,070 ആയി ഉയർന്നു. യുഎസിൽ ആകെ മരണം 1.28 ലക്ഷമായി. ഇന്നലെ മാത്രം 492 പേര് കാേവിഡ് ബാധിച്ച് മരിച്ചു.
Read Also: Horoscope of the Week (June 28- July 04, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളിൽ അഞ്ച് ലക്ഷത്തിൽ അധികം കോവിഡ് രോഗികളുണ്ട്. ശനിയാഴ്ചയാണ് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നത്. ഇന്നലെ മാത്രം രാജ്യത്ത് 18552 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇത്. ഇതോടെ മൊത്തം കോവിഡ് -19 ബാധിതരുടെ എണ്ണം 5 ലക്ഷം കടന്ന് 5,08,953 ലെത്തി. കോവിഡ് ബാധിച്ചുള്ള ആകെ മരണം 15,685 ആയി. 1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,95,881 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി.
Read Also: വിഷമഘട്ടത്തിൽ മമ്മൂട്ടി വിളിച്ചു, ധെെര്യം തന്നു: മന്ത്രി കെ.കെ.ശെെലജ
രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ രാജ്യത്തെ രോഗമുക്തി നിരക്ക് 58.24 ശതമാനമായി വര്‍ധിച്ചു. ഒരു ലക്ഷത്തിൽ 36 പേർക്ക് എന്ന നിലയിലാണ് ഇന്ത്യയിൽ കോവിഡ് ബാധിതരുടെ അനുപാതം.