ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തിലേക്ക് അടുത്തു. ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി. കോവിഡ് ബാധിച്ച് രാജ്യത്ത് 22,674 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 551 പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്‌ടപ്പെട്ടത്. നിലവിൽ 2,92,258 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നത്.  ഇതുവരെ 5,34,621 പേർ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്. 62.92 ശതമാനമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മഹാരാഷ്‌ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്‌ട്രയിൽ മരണസംഖ്യ ഉയരുകയാണ്. സംസ്ഥാനത്ത് മരണസംഖ്യ പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,000 ത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു.

Read Also: സ്വർണക്കടത്ത്: മലപ്പുറത്തു നിന്ന് ഒരാൾ പിടിയിൽ, ഉന്നതർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും

കർണ്ണാടകയിൽ തുടർച്ചയായി നാലാം ദിവസവും രണ്ടായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കോവിഡ് വ്യാപനം നിയന്ത്രണമില്ലാതെ തുടരുന്ന ബെംഗളൂരുവില്‍ കര്‍ണാടക സര്‍ക്കാര്‍ ഒരാഴ്‌ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 14-ന് വൈകുന്നേരം എട്ട് മണി മുതല്‍ ജൂലൈ 23-ന രാവിലെ അഞ്ച് മണിവരെയാണ് ലോക്ക്ഡൗണ്‍. ബംഗളുരു അര്‍ബന്‍, റൂറല്‍ ജില്ലകളിലാണ് ലോക്ക്ഡൗണ്‍. അവശ്യ സര്‍വീസുകളേയും പരീക്ഷകളേയും ഒഴിവാക്കിയിട്ടുണ്ട്. ഡൽഹിയിൽ ഇരുപത്തിയെട്ട് ദിവസത്തിന് ശേഷം പ്രതിദിന രോഗബാധ രണ്ടായിരത്തിൽ താഴെയെത്തിയത് ആശ്വാസമായി.

ഓക്‌സിജൻ സഹായം വേണ്ട കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഉയരുകയാണെന്ന് ആരാഗ്യമന്ത്രാലയം അറിയിച്ചു. ഏഴ് ശതമാനം രോഗികൾക്ക് ഓക്‌സിജൻ പിന്തുണ വേണ്ടിവരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. കഴിഞ്ഞ മാസം ഇത് അഞ്ച് ശതമാനമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook