ന്യൂയോർക്ക്: കോവിഡ്-19 ബാധിച്ച് ലോകത്താകെ മരണമടഞ്ഞവരുടെ എണ്ണം 1,60,000 കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്. 1,60,758 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. 23,30,987 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 596,687 പേര്‍ ലോകത്താകമാനം രോഗമുക്തരായി

മരണ സംഖ്യയിലും രോഗ വ്യാപനത്തിലും മുന്നിൽ നിൽക്കുന്ന രാജ്യം അമേരിക്ക തന്നെയാണ്. 7,38,830 പേര്‍ക്ക് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 39,014 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,179 പേരാണ് അമേരിക്കയില്‍ മരിച്ചത്.

അതേസമയം കോവിഡ് എറ്റവുമധികം നാശം വിതച്ച ന്യൂയോർക്കിൽ സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ വ്യക്തമാക്കി. ന്യൂയോർക്ക് നഗരത്തിലെ ഈ കോവിഡ് കാലത്തും അവശ്യ സർവീസ് ആയി പ്രവർത്തിച്ച് വരുകയാണ്. രണ്ടായിരത്തിലധികം മെട്രോ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

Read More: വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രം

അമേരിക്കയിലെ കോവിഡ് മരണ നിരക്കിലും രോഗവ്യാപന നിരക്കിലും കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ ഇളവുകള്‍ പ്രഖ്യാപിക്കാമെന്ന് ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ടെക്‌സസിലും വെര്‍മോണ്ടിലും ഏപ്രില്‍ 20നു ശേഷം വ്യാപര മേഖലയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കും.

അതേസമയം മൊണ്ടാനയില്‍ ഈ മാസം 24നു ശേഷമാകും നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങുക. ഓഹിയോ, നോര്‍ത്ത് ഡെക്കോട്ട, ഇദാഹോ എന്നിവിടങ്ങളില്‍ മേയ് ഒന്നിനു ശേഷം വ്യാപാര മേഖലയില്‍ ഇളവുകള്‍ നല്‍കുമെന്നും ട്രംപ് അറിയിച്ചു. എന്നാല്‍, അമേരിക്ക കാനഡ അതിര്‍ത്തി അടഞ്ഞു തന്നെ കിടക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സ്‌പെയിനില്‍ 1,94,416 പേര്‍ക്കും ഇറ്റലിയില്‍ 1,75,925 പേര്‍ക്കും ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ യഥാക്രമം 1,51,793 പേര്‍ക്കും 1,43,724പേര്‍ക്കുമാണ് ആഗോളത ലത്തില്‍ വൈറസ് ബാധ ഉണ്ടായിട്ടുള്ളത്.

ഇറ്റലിയിൽ താത്ക്കാലിക മോര്‍ച്ചറിയായി പ്രവര്‍ത്തിച്ച പള്ളി അടച്ചു. സ്പെയിനിൽ അടുത്തയാഴ്ച മുതൽ കുട്ടികള്‍ക്ക് പുറത്തിറങ്ങാം. അതേസമയം, യൂറോപ്പില്‍ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രിട്ടണിലും ​ഗുരുതരമായ രീതിയിൽ കൊവിഡ് പടരുകയാണ്. ഇതിനോടകം മരണസംഖ്യ പതിനയ്യായിരം കടന്നു. പോളണ്ടിൽ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. ദിവസവും ഇരുപതോളം പേരാണ് പോളണ്ടിൽ മരിക്കുന്നത്.

ബ്രിട്ടനില്‍ 1,14,217 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്‌പെയിനില്‍ 20,639 പേരും ഇറ്റലിയില്‍ 23,227 പേരും ഫ്രാന്‍സില്‍ 19,323 പേരും ജര്‍മനിയില്‍ 4,538 പേരും ബ്രിട്ടനില്‍ 15,464 പേരുമാണ് കോവിഡ് ബാധയേത്തുടര്‍ന്ന് ഇതുവരെ മരണത്തിനു കീഴടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook