ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും രോഗം ഭേദമാകുന്നവരുടെ നിരക്കിലും വര്‍ദ്ധനവ്. ഇന്ത്യയില്‍ ആകെ 57,720 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3280 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നേടുന്നവരുടെ നിരക്ക് 41.57 ശതമാനമായി ഉയര്‍ന്നു.

ഇതുവരെ ഇന്ത്യയില്‍ 1,38,845 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ 77,103 പേരാണ് ചികില്‍സയിലുള്ളത്. അതേസമയം മരിച്ചവരുടെ എണ്ണം 4,057 ആയി. രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.

ഞായറാഴ്ച മാത്രം മഹാരാഷ്ട്രയിൽ 3000ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഇതുവരെ 50231 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 1635 പേരാണ് വൈറസ് ബാധിതരായി മരണപ്പെട്ടത്.

Read Also: സിനിമ സെറ്റ് പൊളിച്ച കേസ്: രാഷ്‌ട്രീയ ബജ്‌റംഗ് ദൾ നേതാവ് പിടിയിൽ

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്. ഞായറാഴ്ച അര്‍ധരാത്രിവരെ 54,91,448 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,635 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1928 പേര്‍ മരിക്കുകയും ചെയ്തു. ലോകത്ത് 3,46,535 പേര്‍ രോഗം ബാധിച്ച് ഇതുവരെ മരിച്ചിട്ടുണ്ട്. ഇതുവരെ 22,87,414 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിൽ രോഗികളുടെ എണ്ണവും മരണ സംഖ്യയും ദിനംപ്രതി വർധിക്കുകയാണ്. ഞായറാഴ്ച മാത്രം 18,490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 16,85,318 ആയി ഉയര്‍ന്നു.

ഇവിടെ കോവിഡ് മരണം 99,000 കടന്നു. ഞായറാഴ്ച 603 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 99,286 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്കില്‍ ഇന്ന് നേരിയ കുറവുണ്ട്. രാജ്യത്ത് ഇതുവരെ 4,51,584 പേരാണ് രോഗമുക്തി നേടിയത്. 11,34,448പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

Read Also: കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 49 പേർക്ക്; 43 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവർ

അമേരിക്കയില്‍ ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത്. 29,231 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,71,193 പേര്‍ക്ക് ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്‌സി (11,139), മിഷിഗന്‍ (5,228), മാസച്യുസെറ്റ്‌സ് (6,372), ഇല്ലിനോയി (4,856), കണക്ടിക്കട്ട് (3,693), പെന്‍സില്‍വാനിയ (5,165), കലിഫോര്‍ണിയ (3,776) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. 3,52,740. 24 മണിക്കൂറിനുള്ളില്‍ ഇവിടെ 5350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 3,44,480 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook