ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,933 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന രോഗനിരക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 312 ആയി. ഇതോടെ ആകെ കോവിഡ് മരണം 14,001 ആയി ഉയർന്നു. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,40,215 ആയി. നിലവിൽ 1,78,014 പേർ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. 2,48,190 പേരാണ് രോഗമുക്തരായത്. രോഗമുക്തരുടെ എണ്ണം അതിവേഗം വർധിക്കുന്നത് രാജ്യത്തിനു ആശ്വാസകരമായ വാർത്തയാണ്.
Read Also: കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്ക; എച്ച്-1B വിസ വിലക്കി
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികൾ. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 3721 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 62 പേർ സംസ്ഥാനത്ത് മരിച്ചതായാണ് സർക്കാർ പുറത്തുവിടുന്ന കണക്ക്. മഹാരാഷ്ട്രയിൽ 61,793 പേർ ഇപ്പോൾ കോവിഡ് ചികിത്സയിലാണ്. മുംബെെയിലും താനെയിലുമാണ് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1,35,796 പേരിലാണ്.
ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 62,655 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യതലസ്ഥാനത്ത് മൂവായിരത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി കഴിഞ്ഞാൽ കോവിഡ് രൂക്ഷമായ സംസ്ഥാനം തമിഴ്നാടാണ്. ഇതുവരെ 62,087 പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചത്.
Read Also: സംസ്ഥാനത്ത് മഴ ശക്തിപ്പെടും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഗുജറാത്തിൽ 27,825 പേർക്കും ഉത്തർപ്രദേശിൽ 18,322 പേർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണ്. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.