ന്യൂഡൽഹി: കേരളത്തിലെ വവ്വാലുകളിലും കൊറോണ വെെറസ് കണ്ടെത്തി. കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളിലാണ് കൊറോണ വെെറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പരിശോധനയിലാണ് വവ്വാലുകളിൽ കൊറോണ വെെറസിന്റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയത്. വവ്വാലുകൾ കൊറോണ വെെറസ് വാഹകരാകാമെന്നും മനുഷ്യരിലേക്ക് വെെറസ് പകരാൻ സാധ്യതയുണ്ടെന്നും ഐസിഎംആറിന്റെ കണ്ടെത്തലിൽ പറയുന്നു. 2018-19 വർഷങ്ങളിൽ ശേഖരിച്ച സാംപിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്.

കേരളം, കർണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചൽപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള വവ്വാലുകളുടെ സാംപിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച വവ്വാൽ സാംപിളുകളിലാണ് കൊറോണ വെെറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. രണ്ട് ഇനം വവ്വാലുകളിലാണ് കൊറോണ വെെറസ് ഉള്ളതായി പറയുന്നത്. പെറ്ററോപസ്, റൂസെറ്റസ് എന്നീ രണ്ടിനം വവ്വാലുകളിലാണ് കൊറോണ വെെറസ് സാന്നിധ്യം കണ്ടെത്തിയത്.

Read Also: കോവിഡ്-19: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

വവ്വാലുകളുടെ തൊണ്ടയിൽനിന്നും മലാശയത്തിൽനിന്നുമാണ് സാംപിളുകൾ ശേഖരിച്ചതും പരിശോധനക്ക് വിധേയമാക്കിയതും. ഇവയുടെ തൊണ്ടയിൽ നിന്നു ശേഖരിച്ച സാംപിളുകളുടെ ഫലം നെഗറ്റീവ് ആണെന്ന് പറയുന്നു. കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 217 സ്രവ സാംപിളുകൾ പരിശോധിച്ചതിൽ 12-ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തിൽനിന്നുള്ള 42 സ്രവ സാംപിളുകളിൽ നാലും പോസിറ്റീവായിരുന്നു.

വവ്വാലുകളിൽ വെെറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ നിർദേശമുണ്ട്. മറ്റു സസ്‌തനികളിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. അതുകൊണ്ട് സസ്‌തനികളെ കൂടുതൽ പരിശോധനക്ക് വിധേയമാക്കും. വവ്വാലുകളുടെ ആവാസകേന്ദ്രം ധാരാളം ഉള്ളതിനാൽ കേരളത്തിൽ അതീവ ജാഗ്രത വേണമെന്ന് ഐസിഎംആർ റിപ്പോർട്ടിൽ പറയുന്നു.

Read Also: Horoscope Today April 14, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2334 ആയി. മുംബെെയിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി. സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. മുംബെെയിൽ മാത്രം ഇതുവരെ 1549 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ രണ്ട് ആഴ്‌ചയായി 25 ജില്ലകളിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിലാണ് കഴിഞ്ഞ രണ്ട് ആഴ്‌ചയായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 905 പുതിയ കേസുകൾ സ്ഥിരീകരിച്ചെന്നും 51 പേർ മരിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9,352 ആയി. ഇന്ത്യയിൽ ഇതുവരെ 324 പേർ കോവിഡ് ബാധിച്ച് മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook