ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ പൂർണ പരാജയമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് നാല് ഘട്ടങ്ങളായി നടത്തിയ സമ്പൂർണ അടച്ചുപൂട്ടൽ പരാജയമാണെന്നും പ്രധാനമന്ത്രി ഉദ്ദേശിച്ച ഫലം ലോക്ക്‌ഡൗണ്‍ കൊണ്ട് ഉണ്ടായില്ലെന്നും രാഹുൽ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നിരാശാജനകം. സംസ്ഥാനങ്ങള്‍ തനിച്ചാണ് പ്രതിരോധ പോരാട്ടം നടത്തുന്നതെന്നും രാഹുൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ബെവ് ക്യൂ: ഹാക്കിങ് ടെസ്റ്റും ലോഡിങ് ടെസ്റ്റും ബാക്കി, ആപ്പ് ഉടൻ പ്ലേ സ്റ്റോറിൽ
“ലോക്ക്‌ഡൗണിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി വ്യക്തത നൽകണം. ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിശദീകരിക്കണം. സംസ്ഥാനങ്ങളുടെയും അതിഥി തൊഴിലാളികളുടെയും പ്രശ്‌നങ്ങളിൽ കേന്ദ്രം നിലപാട് വ്യക്‌തമാക്കണം. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് കേന്ദ്രം വിശദീകരണം നൽകണം. രാജ്യത്ത് നാല് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ലോക്ക്‌ഡൗണ്‍ കൊണ്ട് പ്രധാനമന്ത്രി ഉദ്ദേശിച്ച ഒരു ഫലവും ലഭിച്ചില്ല. വൈറസ് വ്യാപനം ക്രമാതീതമായി ഉയരുമ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്,” രാഹുൽ ഗാന്ധി പറഞ്ഞു.
Read Also: പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം; കേരളത്തെ ഞെട്ടിച്ച കൊലപാതകമെന്ന് സോഷ്യൽ മീഡിയ
സാധാരണ ജനങ്ങൾക്ക് വായ്‌പയ്‌ക്കുപകരം അക്കൗണ്ടുകളിലൂടെ പണം നൽകുകയാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് പണമാണ്, വായ്‌പയല്ല. സർക്കാർ ഒരിക്കലും പണമിടപാടുകാരായി മാറരുതെന്നും രാഹുൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുനഃപരിശോധിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾക്ക് പണമാണ് ആവശ്യം. നേരിട്ടുള്ള പണക്കൈമാറ്റത്തെ കുറിച്ച് മോദിജി ചിന്തിക്കണം. തൊഴിലുറപ്പ് പദ്ധതി 200 ദിനമാക്കണം. കര്‍ഷകര്‍ക്ക് പണം നല്‍കണം. കാരണം അവര്‍ ഇന്ത്യയുടെ ഭാവിയാണെന്നും രാഹുൽ പറഞ്ഞിരുന്നു.