ലണ്ടൻ: ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രതിശ്രുത വധു കാരി സെെമൺസിനു കോവിഡ് രോഗലക്ഷണം. 32 കാരിയായ കാരി ഗർഭിണി കൂടിയാണ്. കഴിഞ്ഞ ഒരാഴ്‌ചയായി തനിക്ക് കോവിഡിന്റെ പ്രധാനലക്ഷണങ്ങളെല്ലാം കാണിച്ചതായി കാരി തന്നെ പറഞ്ഞു. രോഗലക്ഷണങ്ങളെ തുടർന്ന് ഒരാഴ്‌ചയായി താൻ പൂർണ വിശ്രമത്തിലായിരുന്നു എന്നും കാരി പറഞ്ഞു.

“പൂർണമായും സെൽഫ് ക്വാറന്റെെനിൽ ആയിരുന്നു. ഒരാഴ്‌ചത്തെ വിശ്രമത്തിനു ശേഷം ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ പ്രധാന ലക്ഷണങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ കൂടുതൽ കരുത്തയായിരിക്കുന്നു,” കാരി പറഞ്ഞു.

Read Also: സൗദിയിൽ കോവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; രോഗ ബാധിതരുടെ എണ്ണം പെരുകുന്നു

ഗർഭിണിയായിരിക്കെ കോവിഡ് വെെറസ് രോഗം ബാധിക്കുക എന്നത് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും കാരി പറഞ്ഞു. ഗർഭിണിയായ കോവിഡ് ബാധിതരോട് എനിക്കു പറയാനുള്ളത് രോഗബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി മനസിലാക്കുക. പുതിയ നിർദേശങ്ങൾ പാലിക്കുക. അത് കൂടുതൽ ആശ്വാസം പകരുമെന്നും കാരി പറഞ്ഞു.

തങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകാൻ പോകുന്ന വിവരം കഴിഞ്ഞ ഫെബ്രുവരിയിലാണ് 55 കാരനായ ബോറിസ് ജോൺസണും ഭാര്യ കാരിയും അറിയിച്ചത്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും തങ്ങൾ ഉടൻ വിവാഹിതരാകുമെന്നും ബോറിസ് ജോൺസൺ പറഞ്ഞിരുന്നു.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച ബോറിസ് ജോൺസൺ ഇപ്പോൾ നിരീക്ഷണത്തിൽ തുടരുകയാണ്. മാർച്ച് 27നാണ് ബോറിസ് ജോൺസന്റെ കോവിഡ് ഫലം പോസിറ്റീവ് ആയത്. തനിക്കു കോവിഡ്-19 വെെറസ് ബാധയുണ്ടെന്ന കാര്യം ബോറിസ് ജോൺസൺ തന്നെ വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുകയായിരുന്നു. സാംപിൾ ഫലം പോസിറ്റീവ് ആണെന്നും വീട്ടിൽ ക്വാറന്റെെനിൽ പ്രവേശിച്ചിരിക്കുകയാണെന്നും ബോറിസ് ജോൺസൺ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.

Read Also: വെെദ്യുതി ദീപങ്ങൾ അണയ്‌ക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വേണ്ടത്ര ആലോചനയില്ലാതെ: തോമസ് ഐസക്

നേരത്തെ തന്നെ ബോറിസ് ജോൺസൺ രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു. ചെറിയ പനിയും കഫക്കെട്ടും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതേ തുടർന്നാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവിദഗ‌്‌ധർ നിർദേശം നൽകിയത്. താൻ പൂർണ്ണമായും ഇപ്പോൾ ഒറ്റപ്പെട്ടു കഴിയുകയാണെന്നും വീട്ടിലിരുന്ന് ജോലികൾ ചെയ്യുന്നുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു. സർക്കാരിനെ നയിക്കാൻ ബാധ്യസ്ഥനായതിനാൽ വീട്ടിലിരുന്ന് വീഡിയോ കോൺഫറൻസിങ് വഴി കാര്യങ്ങൾ നിയന്ത്രിക്കുമെന്നും കോവിഡിനെതിരെ ഒറ്റക്കെട്ടായി പോരാടാമെന്നും ബോറിസ് ജോൺസൺ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ബോറിസ് ജോൺസൺ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook