ന്യൂഡൽഹി: പ്രായമായവരിൽ കോവിഡ്-19 രോഗവ്യാപനം അതിവേഗം നടക്കുമെന്ന പ്രചാരണം ഉണ്ടെങ്കിലും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത് അങ്ങനെയല്ല. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ അമ്പത് ശതമാനം പേരും 60 വയസ്സിനു താഴെയുള്ളവരാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്.

Horoscope Today May 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 1,075 പേർ മരിച്ചു. ഇതിൽ 50 ശതമാനം ആളുകളും അറുപത് വയസ്സിനു താഴെ പ്രായമുള്ളവരാണ്. പ്രായമായവരിൽ കോവിഡ് പ്രതിരോധശേഷി കുറവാണെന്ന് പഠനങ്ങൾ നിലനിൽക്കെയാണ് ഇന്ത്യയിൽ നിന്നു ഇങ്ങനെയൊരു കണക്ക്. ഏപ്രിൽ 18 വരെയുള്ള മരണസംഖ്യയിൽ വെറും 25 ശതമാനം പേർ മാത്രമേ അറുപത് വയസ്സിനു താഴെയുള്ളവരിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പിന്നീട് ഇതിൽ വർധനവ് രേഖപ്പെടുത്തി.

75 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ മരണശതമാനം 9.2 ആയി കുറഞ്ഞിട്ടുമുണ്ട്. നേരത്തെ ഇത് 42.2 ശതമാനം ആയിരുന്നു. അറുപത് വയസ്സിനു മുകളിൽ പ്രായമുള്ള കോവിഡ് രോഗികളെ ഹെെ റിസ്‌കിൽ ഉൾപ്പെടുത്തിയാണ് ചികിത്സ നൽകുന്നത്.

Read Also: വൺ പോയിന്റ് ഫൈവ്: സാമൂഹിക അകലത്തിന് മൊബൈൽ ആപ്പ്

അതേസമയം, റെഡ്, ഗ്രീൻ സോണുകളെ തിരിക്കുന്നതിനുള്ള മാനദണ്ഡം കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുത്തി. കഴിഞ്ഞ 21 ദിവസത്തിനിടെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളാണ് ഗ്രീൻ സോൺ പരിധിയിൽ വരുന്നത്. നേരത്തെ ഇത് 28 ദിവസമായിരുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് രാജ്യത്ത് 130 റെഡ് സോണുകൾ ഉണ്ട്. 284 ഓറഞ്ച് സോണുകളും 319 ഗ്രീൻ സോണുകളും ഉണ്ട്.

രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ അടച്ചുപൂട്ടൽ മേയ് മൂന്നിനു അവസാനിക്കും. ലോക്ക്‌ഡൗണ്‍ അവസാനിച്ചാൽ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കും. കോവിഡ് വ്യാപനം ഇല്ലാത്ത രാജ്യത്തെ ജില്ലകളിൽ ഇളവുകൾ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മേയ് നാല് മുതൽ ഇളവുകൾ എങ്ങനെയെല്ലാം എന്നതിനെ കുറിച്ച് പുതിയ മാർഗരേഖ പുറത്തിറക്കുമെന്നും കേന്ദ്രം അറിയിച്ചു. കോവിഡ് മുക്ത ജില്ലകളിൽ ആയിരിക്കും നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുക. റെഡ് സോണുകളിൽ പതിവ് നിയന്ത്രണം തുടരാനാണ് സാധ്യത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook