ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിയ സമ്പൂർണ ലോക്ക്ഡൗണ് ഏപ്രിൽ 14 ന് അവസാനിക്കുമെങ്കിലും ഉടൻ സർവീസ് പുനഃരാരംഭിക്കില്ലെന്ന നിലപാടിലാണ് എയർ ഇന്ത്യ. ഏപ്രിൽ 30 വരെ ബുക്കിങ്ങുകൾ സ്വീകരിക്കില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഏപ്രിൽ 14 നു ശേഷം മറ്റ് തീരുമാനങ്ങൾ അറിയിക്കാമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ഏപ്രിൽ 30 വരെയുള്ള ആഭ്യന്തര, രാജ്യാന്തര ബുക്കിങ് നിർത്തിവച്ചതായാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ഏപ്രിൽ 14 വരെയുള്ള എല്ലാ വിമാന സർവീസുകളും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. ലോക്ക്ഡൗൺ കഴിഞ്ഞാൽ വിമാന സർവീസുകൾ ഉപാധികളോടെ പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഏപ്രിൽ 30 വരെ ബുക്കിങ് ഒന്നും നടക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചത്.
Read Also: ഞാനെന്തിനു മാസ്ക് ധരിക്കണം; വിവാദമായി ട്രംപിന്റെ പ്രസ്താവന
ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിൽ ആഭ്യന്തര വിമാന ടിക്കറ്റുകളുടെ ബുക്കിങ് ഏപ്രിൽ 14 നുശേഷം തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി ഇന്നലെ പറഞ്ഞിരുന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം, ലോക്ക്ഡൗൺ ഏപ്രിൽ പകുതി വരെയാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് വീഡിയോ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ പുരി പറഞ്ഞു.
എല്ലായ്പ്പോഴും ശുഭാപ്തിവിശ്വാസിയായ ഒരാളെന്ന നിലയിൽ, ഏപ്രിൽ 15 മുതൽ വിമാന സർവീസുകൾ ആരംഭിക്കാനാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 15 നുശേഷം രാജ്യാന്തര വിമാന സർവീസുകൾക്കും അനുമതി നൽകി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഏതു രാജ്യത്തുനിന്നുമാണ് വിമാനം വരുന്നതെന്നതിനെ അനുസരിച്ചായിരിക്കും ഇതിനുളള അനുമതി കൊടുക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also: പ്രതിരോധനത്തിന്റെ കേരള മോഡൽ; സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് ഇന്നു മുതൽ
ഏപ്രിൽ 15 ന് ലോക്ക്ഡൗൺ കഴിയും. ഇതിനുശേഷം രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളെടുക്കും. വിദേശ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാർ രാജ്യത്തേക്ക് മടങ്ങുന്നതിന് ഏപ്രിൽ 15 വരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽനിന്ന് വിദേശ പൗരന്മാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന വിമാനങ്ങൾ ഒരു യാത്രക്കാരെയും തിരിച്ചുകൊണ്ടുവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.