ചെന്നൈ: കോവിഡ്-19 പ്രതിരോധത്തിൽ കേരള സര്‍ക്കാരിന്റെ പ്രവർത്തനങ്ങൾ അഭിമാനകരമെന്ന് നടന്‍ പ്രകാശ് രാജ്. കൊറോണ വെെറസ് വ്യാപനത്തെ ചെറുക്കാൻ കേരള സർക്കാർ തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അതിൽ അഭിമാനമുണ്ടെന്നുമാണ് പ്രകാശ് രാജ് പറഞ്ഞത്. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ ഫെയ്‌സ്‌ബുക്ക് ലെെവിലാണ് പ്രകാശ് രാജ് ഇക്കാര്യം പറഞ്ഞത്.

എല്ലാ മതസ്ഥാപനങ്ങൾക്കും വേണ്ടി കോടികൾ നമ്മൾ ചെലവഴിച്ചു. എന്നാൽ, കൊറോണ വെെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതെല്ലാം അടച്ചിടേണ്ടിവന്നു. ആരോഗ്യമേഖലയിൽ കൂടുതൽ പണം നിക്ഷേപിക്കേണ്ടതിനെ കുറിച്ച് നാം പുനർവിചിന്തനം നടത്തണമെന്നും പ്രകാശ് രാജ് ഓർമിപ്പിച്ചു.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ചോദ്യത്തിനും പ്രകാശ് രാജ് മറുപടി നല്‍കി. ഈ വിഷയത്തില്‍ തനിക്ക് വ്യക്തമായ നിലപാടുണ്ട്. എന്നാല്‍, ഈ സമയം പരസ്‌പരസം പോരടിക്കാനും പരിഹസിക്കാനും ഉള്ളതല്ല. ഈ പ്രതിസന്ധി ഘട്ടത്തിനു ശേഷം നമുക്ക് വിയോജിപ്പുകൾ രേഖപ്പെടുത്താൻ സമയമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്നതിനെ കുറിച്ചും വ്യായാമം ചെയ്യേണ്ട ആവശ്യകതയെ കുറിച്ചും പ്രകാശ് രാജ് സംസാരിച്ചു. വളരെ പോസിറ്റീവ് ആയി കാര്യങ്ങൾ ചിന്തിക്കുക. മനുഷ്യത്വം ആഘോഷിക്കേണ്ട സമയമാണിതെന്നും പ്രകാശ് രാജ് പറഞ്ഞു. കൊറോണ വെെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുടുംബത്തോടൊപ്പം സെൽഫ് ക്വാറന്റെെനിൽ കഴിയുകയാണ് താരം.

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സിനിമ ഷൂട്ടിങ്ങുകളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ തന്റെ സമ്പാദ്യത്തിൽ നിന്ന് വീട്ടിലെയും നിർമാണ കമ്പനിയിലേയുമടക്കം ജോലിക്കാർക്ക് വരുന്ന മെയ് വരെയുള്ള മുൻകൂർ ശമ്പളം പ്രകാശ് രാജ് നൽകിയത് വലിയ വാർത്തയായിരുന്നു. കൊറോണയെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന തന്റെ മൂന്ന് സിനിമകളിൽ ദിവസവേതനത്തിൽ ജോലി ചെയ്തിരുന്നവർക്ക് പകുതി ശമ്പളമെങ്കിലും ലഭ്യമാക്കാനുള്ള വഴി കണ്ടെത്തിയെ‌ന്ന് പ്രകാശ് രാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുകൊണ്ടൊന്നും തന്റെ ജോലി അവസാനിച്ചിട്ടില്ലെന്നും തുടർന്നും കഴ‌ിയുന്ന രീതിയിൽ ആവശ്യക്കാരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം കഴിയുന്നവരെല്ലാം ചുറ്റുമുള്ള അവശ്യക്കാരെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു. ആയിരം പേരെ എങ്കിലും താൻ സഹായിക്കുമെന്ന് പ്രകാശ് രാജ് പറഞ്ഞു. ഓരോരുത്തരും അവരവരുടെ വീടിനു അടുത്തുള്ള ഒരാളെ എങ്കിലും സഹായിക്കാൻ മുന്നോട്ടുവരണമെന്നും പ്രകാശ് രാജ് അഭ്യർത്ഥിച്ചു.

Read Also: ഇന്ത്യന്‍ നിര്‍മ്മിത കോവിഡ്-19 നിര്‍ണയ കിറ്റെത്തി; രണ്ടരമണിക്കൂറില്‍ ഫലം അറിയാം

“സാമൂഹ്യ വ്യാപനം തടയുന്നതിനായി നിര്‍ത്തിവച്ച എന്‍റെ മൂന്ന് സിനിമകളില്‍ ദിവസവേദനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകുതി കൂലിയെങ്കിലും കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്റെ ജോലി അവസാനിച്ചിട്ടില്ല. എന്നെ കൊണ്ട് സാധിക്കുന്നതെല്ലാം ഞാന്‍ ഇനിയും ചെയ്യും. നിങ്ങള്‍ക്ക് ചുറ്റും ഇത്തരത്തിൽ ആവശ്യക്കാരുണ്ടെങ്കില്‍ അവരെ സഹായിക്കൂ, അവരെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണ്, പരസ്പരം തുണയായി നിൽക്കേണ്ട സമയമാണ്’- പ്രകാശ് രാജ് മിനിഞ്ഞാന്ന് ട്വിറ്ററിൽ കുറിച്ചത്.

അതേസമയം, കേരളത്തിലെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളേയും വിദ്യാഭ്യാസ മേഖലയേയും സുപ്രീം കോടതി രണ്ട് തവണ പ്രശംസിച്ചിരുന്നു. ദേശീയ മാധ്യമങ്ങളും കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകൾ അടച്ചതിനു പിന്നാലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം വീട്ടിലെത്തിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി സംസ്ഥാന സർക്കാറിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. ബിബിസ, ഇന്ത്യ ടുഡെ, കന്നഡ ടിവി 9 തുടങ്ങിയ മാധ്യമങ്ങളിൽ കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ.ശെെലജ എന്നിവരുടെ നേതൃത്വത്തിലാണ് കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ഓരോ ജില്ലയിലും വിവിധ മന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. മന്ത്രിമാരും അതാത് ജില്ലാ കലക്‌ടർമാരും ചേർന്ന് ജില്ലാ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് കേരളത്തിൽ ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook