ന്യൂഡൽഹി: കോവിഡ്-19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോൾ പുതിയ തലവേദനയായി നിസാമുദ്ദീൻ മർകസ് സമ്മേളനം. ഡൽഹി പശ്ചിമ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത് മസ്‌ജിദിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരിൽ കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊര്‍ജിതമാക്കിയിരിക്കുകയാണ് സർക്കാർ. സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്തി രക്തസാംപിളുകൾ പരിശോധിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.

ഇന്നലെ തമിഴ്‌നാട്ടിൽ മർകസ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ 50 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശങ്ക വർധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആയിരങ്ങളാണ് മർകസ് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ച അഞ്ച് പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തിരുന്നതായി തെലങ്കാന സർക്കാർ വ്യക്തമാക്കി. ഡൽഹിയിലെ മർകസ് സമ്മേളനത്തിൽ നാലായിരത്തിലേറെ പേർ പങ്കെടുത്തിരുന്നു. ഇവർ യാത്ര ചെയ്‌ത സ്ഥലങ്ങളെല്ലാം ഇനി കണ്ടെത്തേണ്ടി വരും.

Read Also: കോവിഡ്-19; രണ്ടാംലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പരീക്ഷണം: യുഎന്‍ തലവന്‍

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 700 ഓളം പേരെ ആന്ധ്രാപ്രദേശ് സർക്കാർ കണ്ടെത്തി. തെലങ്കാനയിൽ നിന്നു 400 പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് കണക്ക്. ആയിരത്തിലേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കുന്നത്. ഇനിയും 300 പേരെ കണ്ടെത്താനുണ്ട്. സംസ്ഥാനത്തു നിന്ന് മർകസ് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും പലരേയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും തമിഴ്നാട് സർക്കാർ പറയുന്നു. കർണാടകയിൽ 78 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 50 പേർ വിദേശികളാണ്. കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ച വൃദ്ധൻ മർകസ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

മർകസ് സമ്മേളനത്തിൽ പങ്കെടുത്ത് കേരളത്തിൽ തിരിച്ചെത്തിയവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മർകസ് സമ്മേളനത്തിൽ പങ്കെടുത്ത 79 പേർ കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് നിഗമനം. മിക്ക ജില്ലകളിലും മർകസ് സമ്മേളനത്തിൽ പങ്കെടുത്തവരുണ്ട്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത പല മലയാളികളും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്. അവരെ കണ്ടെത്തുക ദുഷ്കരമാണ്. കേരളത്തിൽ നിന്നു ആകെ 300 ലേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook