വാഷിങ്‌ടൺ: രാജ്യത്ത് കോവിഡ്-19 മൂലം ഇനിയും അനവധി പേർക്ക് ജീവൻ നഷ്‌ടപ്പെടുമെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്. രാജ്യം ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്‌ചയിലൂടെയാണ് കടന്നുപോകുന്നതെന്നും ട്രംപ് പറഞ്ഞു. വെെറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നിർഭാഗ്യമെന്ന് പറയട്ടെ, കോവിഡ് ബാധിച്ച് രാജ്യത്ത് ഇനിയും ഒട്ടേറെ പേർ മരിക്കും. ഇനിയുള്ള രണ്ട് ആഴ്‌ചകൾ വളരെ കഠിനമായിരിക്കും. മരണസംഖ്യ ഉയരുകയാണ്,” ട്രംപ് പറഞ്ഞു. അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മരണസംഖ്യയും ഉയരുകയാണ്. ഇതുവരെ 8,000-ത്തിലേറെ ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടു. ന്യൂയോർക്കിൽ മാത്രം 3,500-ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്നലെ മാത്രം അമേരിക്കയിൽ മരിച്ചത് എഴുന്നൂറോളം പേരാണ്.

Read Also: കോവിഡ്-19: രാജ്യത്ത് 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണത്തിൽ വർധനവ്

അതിനിടെ, അമേരിക്കയിൽ സ്ഥിതി അതിരൂക്ഷമാകുകയാണ്. കോവിഡ്-19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ അമേരിക്ക മറ്റ് രാജ്യങ്ങളെ പിന്നിലാക്കി. വ്യാഴാഴ്‌ച രാത്രി 8.30 മുതൽ വെള്ളിയാഴ്ച രാത്രി 8.30 വരെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത് 1,480 പേരാണ്. കോവിഡ് പടരാൻ തുടങ്ങിയ ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടെ ഏറ്റവുമധികം ജീവനുകൾ പൊലിയുന്നത്. ജോൺ ഹോപ്‌കിൻസ് പുറത്തുവിട്ട കണക്കുകൾ പറയുന്നു.

ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ട്രംപ് നേരത്തേ നിർദേശിച്ചിരുന്നു. അതേസമയം, വെെറ്റ് ഹൗസ് വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ ഭയപ്പെടുത്തുന്നതാണ്.

അമേരിക്കയിൽ കോവിഡ് ബാധിച്ച് ചുരുങ്ങിയത് ഒരു ലക്ഷം പേർ മരിക്കാൻ സാധ്യതയുള്ളതായി വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചതായി ന്യൂയോര്‍ക്ക് ടെെംസ് അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ മരണസംഖ്യ 2,40,000 വരെ ആകാനുള്ള സാധ്യതയുണ്ടെന്നും വെെറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നാണ് ആരോഗ്യവിദഗ്‌ധരും അറിയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook