ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നു. ആദ്യമായി ഒരു ദിവസം ഒൻപതിനായിരത്തിലേറെ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,304 പേർക്ക് രോഗം സ്ഥിരീകരിച്ചു, 260 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,16,919 ആയി. കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 6,075 ആയി ഉയർന്നു. ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു.
Read Also: കോട്ടയത്ത് വീട്ടമ്മയെ കൊന്നത് ഇരുപത്തിമൂന്നുകാരൻ; വിദഗ്ധമായി പ്രതിയെ പിടികൂടി പൊലീസ്
കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിനു ചെറിയ തോതിൽ പനിയുണ്ടായിരുന്നു. അതിനു പിന്നാലെയാണ് സാംപിൾ പരിശോധിച്ചത്. അജയ് കുമാർ ഇപ്പോൾ ഹോം ക്വാറന്റൈനിലാണ്. ലോകത്താകമാനം കോവിഡ് ബാധിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു. 3,85,947 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. അമേരിക്കയിൽ മാത്രം 18 ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിക്കുകയും ഒരു ലക്ഷത്തിലേറെ പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
അതേസമയം, ഇന്ത്യയിൽ രോഗവ്യാപനം അതിന്റെ കൊടുമുടിയിൽ എത്താൻ ഇനിയും സമയമെടുക്കുമെന്നും രാജ്യം അതിൽനിന്ന് ഏറെ അകലെയാണെന്നുമാണ് ഐസിഎംആർ ശാസ്ത്രജ്ഞ ഡോ.നിവേദിത ഗുപ്ത പറഞ്ഞത്.
നമ്മുടെ പ്രതിരോധ നടപടികൾ മികച്ചതാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ നല്ല മികച്ച നിലയിലാണെന്നും അധികം വൈകാതെ നിങ്ങൾക്ക് കണക്കുകൾ കാണാൻ കഴിയുമെന്നും അവർ പറഞ്ഞു. കോവിഡ് ബാധിതർ ഏറ്റവുമധികമുളള രാജ്യങ്ങളിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook