ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 415 ആയി ഉയർന്നു. പകർച്ചവ്യാധി തടയുന്നതിനായി നൽകിയ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. എല്ലാവരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ലോക്ക്ഡൗൺ നടപടികൾ ഗൗരവമായി കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞു. ഇത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്നും മോദി പറഞ്ഞു.

Read More: Covid-19 Live Updates: കാസർഗോഡ് ഇനി റൂട്ട് മാപ്പില്ല; കൂടുതൽ ഐസൊലേഷൻ വാർഡുകൾ തുറക്കും

corona

മുംബൈയിൽ ഒരു ഫിലിപ്പീൻസ് പൗരന്റെ മരണം കൊറോണ വൈറസ് മൂലമല്ല, വൃക്ക തകരാറിലായതു മൂലമാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ ഏഴു പേരാണ് മരിച്ചത്. കോവിഡിനെ നേരിടാൻ അസാധാരണമായ നടപടികളാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്. മാർച്ച് 31 വരെ 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 75 ജില്ലകൾ പൂർണമായും അടച്ചിടണമെന്ന് പ്രഖ്യാപിക്കുകയും എല്ലാ പാസഞ്ചർ ട്രെയിനുകളും, അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ബസുകളും, മെട്രോ സർവീസുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

ഡൽഹി, ജാർഖണ്ഡ്, പഞ്ചാബ്, നാഗാലൻഡ് എന്നീ സംസ്ഥാനങ്ങൾ പൂർണമായും അടച്ചിടുകയാണെന്ന് പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങളെ മാത്രം ഒഴിവാക്കി. ബിഹാർ, ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിരവധി ജില്ലകളിലും സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook